chathannor
രൂക്ഷമായ പൊടിക്കാറ്റിൽ ചാത്തന്നൂർ ജംഗ്ഷനിൽ ഒടിഞ്ഞു വീണ മരം മുറിച്ചു നീക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂരിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ പൊടിക്കാറ്റിൽ പ്രദേശവാസികൾ വലയുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീഴുകയും വീടുകളുടെ ഷീറ്റുകൾ പറന്നുപോവുകയും ചെയ്തു. ചെറുമരങ്ങൾ ഒടിഞ്ഞു വീണു. കൃഷി നശിച്ചു. കാൽനട യാത്ര പോലും ദുസഹമായ രീതിയിൽ ചുഴലിപോലെയാണ് കാറ്റ് വീശിയത്. തെരുവിൽ കച്ചവടം നടത്തുന്നവർക്ക് ഒടുവിൽ കച്ചവടം മതിയാക്കി മടങ്ങേണ്ടിവന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്.

ചാത്തന്നൂർ ജംഗ്ഷനിൽ മരം ഒടിഞ്ഞുവീണു:

വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചാത്തന്നൂർ: കഴിഞ്ഞ ദിവസം ചാത്തന്നൂർ ജംഗ്ഷനിൽ ഹൈസ്കൂളിന് മുന്നിൽ ഒാട്ടോസ്റ്റാന്റിൽ നിന്ന തണൽ മരം ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. വിദ്യാർത്ഥിനിക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. മരം വീണത് ടിപ്പർ ലോറിയ്ക്കും ബൈക്കിനും മുകളിലാണ്. തിരക്കുണ്ടായ സമയമായതിനാൽ റോഡിൽ വാഹനങ്ങളും പരീക്ഷ കഴിഞ്ഞു വന്ന വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓട്ടോറിഷാ തൊഴിലാളികളും നാട്ടുകാരും പോലീസും ചേർന്ന് മരങ്ങൾ റോഡിൽ നിന്നും മാറ്റി. പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മരചില്ലകൾ മുറിച്ചു മാറ്റി. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി.