mla
ചാത്തന്നൂർ ഡിപ്പോയിലെ ബസ് സർവീസുകൾ മറ്റു ഡിപ്പോയിലേക്ക് മാറ്റാനുള്ള നീക്കത്തെ ജി. എസ്. ജയലാൽ എം. എൽ.എയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളുടെ സംഘം തടയുന്നു

ചാത്തന്നൂർ: ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചെയിൻ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ഏഴ് ബസുകൾ ആറ്റിങ്ങൽ, കരുനാഗപ്പള്ളി ഡിപ്പോകളിലേക്ക് മാറ്റാനുള്ള മനേജ്മെന്റിന്റെ തീരുമാനം ജി. എസ്. ജയലാൽ എം. എൽ.എയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. സംഭവം അറിഞ്ഞ് കെ.എസ്.ആർ.ടി.സി എം. ഡിക്ക് എം.എൽ.എ നിവേദനം നൽകുകയും തുർന്ന് മൂന്ന് മണിയോടെ ചാത്തന്നൂർ ഡിപ്പോയിലെത്തി ബസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.ടി. ഒയെ അറിയിക്കുകയും ചെയ്തു. തുർന്ന് നടപടി പിൻവലിച്ചെന്ന് ഡി. ടി. ഒ അറിയിക്കുകയായിരുന്നു. കല്ലമ്പലം - കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന രണ്ട് ബസുകളും ആറ്റിങ്ങൽ കൊല്ലം റൂട്ടിൽ ഓടുന്ന അഞ്ച് ബസുകളുമാണ് കരുനാഗപ്പള്ളി, ആറ്റിങ്ങൽ ഡിപ്പോകളിലേക്ക് മാറ്റാൻ ശ്രമിച്ചത്. പതിനാലായിരം മുതൽ പതിനെട്ടായിരം രൂപ വരെ പ്രതിദിനം വരുമാനമുള്ളതും തികച്ചും ലാഭകരമായി സർവ്വീസ് നടത്തുന്നതുമായ ഏഴ് ചെയിൻ സർവീസ് ബസുകളാണ് യാതൊരു കാരണവുമില്ലാതെ മാറ്റാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എം. എൽ. എയോടൊപ്പം ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗ്ഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. സണ്ണി, എ. സുരേഷ്, നജീം തുടങ്ങിയവരും പ്രതിഷേധത്തിനെത്തിയിരുന്നു.