ഓയൂർ: ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാതെ നിർമ്മാണം മുടങ്ങിക്കിടന്ന വെളിയം - ഇളമാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാളിയോട് തണ്ണേറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യമനുസരിച്ച് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. വാളിയോട് - തണ്ണേറ്റ്പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ കെ. ജഗദമ്മ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മധു, മലയിൽ വാർഡ് മെമ്പർ ലതാ രാജൻ, വാളിയോട് വാർഡ് മെമ്പർ എസ്. റീന എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 15 വർഷം മുമ്പ് ഇതേ പാലത്തിന് തുക അനുവദിക്കുകയും പാലം പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പണി തുടങ്ങിയ ശേഷം നിർമ്മാണം ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയിരുന്നു. പിന്നീട് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ് മാൻ നൽകിയ ഉത്തരവ് പ്രകാരമാണ് വീണ്ടും ജില്ലാ പഞ്ചായത്ത് 2013 ൽ 65 ലക്ഷം രൂപ അനുവദിച്ച് പാലം മാത്രം പണിതത്. ഇപ്പോൾ വീണ്ടും അപ്രോച്ച് റോഡിന്റെ പണി തുടങ്ങിയിരിക്കുകയാണ്.
2013ൽ ആണ് വാളിയോട് തണ്ണേറ്റ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചത്. ഇപ്പോഴാണ് പണി തുടങ്ങിയത്.
കരാറുകാരൻ മുങ്ങിയത് പണിയായി
2013ലാണ് വാളിയോട് തണ്ണേറ്റ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചത്. തുടർന്ന് പാലം പണിയുന്നതിന്റെ ഇരുകരകളിലും ആഘോഷമായി നിർമ്മാണോദ്ഘാടനവും നടത്തി. പാലം പണി പൂർത്തീകരിച്ച് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പാണ് അധികൃതർ അന്ന് നാട്ടുകാർക്ക് നല്കിയിരുന്നത്. എന്നാൽ അപ്രോച്ച് റോഡ് നിർമ്മിക്കാതെ രണ്ടു കോൺക്രീറ്റ് ഭിത്തികളിൽ താങ്ങി നിൽക്കുന്ന ഒരു പാലം മാത്രം നിർമ്മിച്ച് കരാറുകാരൻ പണി പാതി വഴിയിലുപേക്ഷിച്ച് മുങ്ങുകയായിരുന്നു.
എളുപ്പത്തിൽ എത്താം
റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ വെളിയം, ഓടനാവട്ടം, കൊട്ടാരക്കര, അമ്പലംകുന്ന്, ഇളമാട്, ആയൂർ പ്രദേശങ്ങളിൽ വളരെ എളുപ്പത്തിൽ എത്താനാവും. ഇപ്പോൾ പ്രദേശവാസികൾ എട്ടു കിലോമീറ്ററിലധികം ചുറ്റിയാണ് ഇവിടങ്ങളിൽ എത്തുന്നത്.