കൊല്ലം: നീതി തേടി അലയുന്നവർക്ക് ആശ്വാസമായി ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ നടന്ന സംസാഥാന പൊലീസ് മേധാവിയുടെ അദാലത്ത് പരാതി പരിഹാര അദാലത്ത്. പൊലീസുകാരനായ ഭർത്താവിൽ നിന്ന് നീതി തേടിയാണ് രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മയായ പ്രിയ അദാലത്തിലെത്തിയത്. ഭിന്നശേഷിയുള്ള മൂത്ത കുട്ടിക്കും കാഴ്ചയില്ലാത്ത ഇളയ കുട്ടിക്കുമൊപ്പം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. രണ്ടു വർഷം മുമ്പ് പൂർവ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ മുൻകാല പ്രണയിനിക്കൊപ്പമാണ് പ്രിയയുടെ ഭർത്താവിപ്പോൾ താമസിക്കുന്നത്. കേസ് കൊടുത്തതിനെ തുടർന്ന് പ്രതിമാസം 9000 രൂപ നൽകണമെന്ന കോടതി വിധി പാലിക്കാത്തതിനെതിരെയാണ് പ്രിയ അദാലത്തിനെത്തിയത്. ഇപ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ തിരികെ എത്തിയാലുടൻ നടപടി സ്വീകരിക്കുമെന്നും പ്രിയയ്ക്ക് ജോലിക്കായി ബയോഡേറ്റ സമർപ്പിക്കാനും അദാലത്തിൽ നിർദ്ദേശിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് 75കാരിയായ കിളികൊല്ലൂർ ആനിയിൽ തൊടിയിൽ പത്മാവതി. ഏക മകൾ അമ്പിളി ചെങ്ങന്നൂരാണ്. മകൾ ആറു വർഷം മുമ്പ് ഇഷ്ടദാനമായി പത്മാവതിക്ക് നൽകിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ പകുതിയോളം ഭാഗം തങ്ങളുടേതാണെന്നാണ് അയൽവാസി പറയുന്നത്. മർദ്ദനവും അസഭ്യവും സഹിക്കവയ്യാതെ പൊലീസിനെ സമീപിച്ചെങ്കിലും നീതി ലഭിക്കാത്തതിനെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തിലെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ മകൾക്കൊപ്പം അദാലത്തിലെത്തിയപ്പോഴാണ് തനിക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം പത്മാവതി അറിയുന്നത്. കാഴ്ച്ചക്കുറവിനൊപ്പം വൃക്ക രോഗവും അലട്ടുന്ന പത്മാവതിയോട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അദാലത്ത് നിർദ്ദേശിച്ചു. അദാലത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സിവിൽ കേസായിട്ടുകൂടി സ്ഥലം അളക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ പത്മാവതിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉറപ്പ് നൽകി.
ഇസ്രായേലിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ച് തട്ടിപ്പിനിരയായ 65 പേരിൽ 30 പേരുടെ കൂട്ടപ്പരാതിയും അദാലത്തിൽ സ്വീകരിച്ചു. നീണ്ടകര സ്വദേശി എഡ്വേഡ് ഡാനിയേലിനെതിരെ പല ജില്ലകളിൽ നിന്നായുള്ള പരാതിക്കാർ ചവറ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതി വിദേശത്തായതിനാൽ അന്വേഷണം മുന്നോട്ടു പോകാത്തതിനാലാണ് പരാതിക്കാർ അദാലത്തിലെത്തിയത്. തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനമായി. ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി എത്രയും വേഗം കൈകൊള്ളുമെന്ന ഉറപ്പും ലഭിച്ചു. 162 പരാതികൾ ഡി.ജി.പി പരിഗണിച്ചു. 12 ഓളം കേസുകൾ സമയപരിധി കഴിഞ്ഞതിനാൽ മാറ്റിവച്ചു.
162 പരാതികളാണ് ഡി.ജി.പി പരിഗണിച്ചത്
12 ഓളം കേസുകൾ സമയപരിധി കഴിഞ്ഞതിനാൽ മാറ്റിവച്ചു
വിവിധ പരാതികൾ
വഴി പ്രശ്നം, മാതാപിതാക്കളുടെ സംരക്ഷണം, അതിർത്തി, സ്വത്ത് തർക്കം, സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള അപകീർത്തി പ്രചാരണം, ട്രാഫിക്ക് കേസുകൾ, പൊലീസുകാരുടെ സർവീസ് സംബന്ധമായ പരാതികൾ തുടങ്ങിയവയാണ് പരിഗണിച്ചത്.