കൊട്ടാരക്കര: ശ്രീനാരായണ ഗുരുദർശനം കാലാനുവർത്തിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എഴുകോണിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ ധ്യാനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും പ്രത്യയ ശാസ്ത്രം അനുസരിച്ച് ഗുരുദേവ ദർശനത്തെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ശരിയായ രീതിയിൽ ഗുരുദേവനെ അറിയാനും അറിയിക്കുവാനും പഠിക്കാനും പലരും ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് ഗുരുദർശനത്തെ മറ്റ് പല രീതികളിൽ വ്യാഖ്യാനിക്കുന്നത്.
ഗുരു ദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക് അനുഭവങ്ങളിലൂടെ ബോദ്ധ്യമാകുന്നുണ്ട്. അജ്ഞതകൊണ്ടാണ് ചിലർ ഗുരു ദൈവമല്ലെന്ന് പറയുന്നത്. ചരിത്രം പഠിച്ചവർ അങ്ങിനെ പറയില്ല. ഗുരുവിനെ അറിഞ്ഞുകൊണ്ട് ഗുരുദർശനത്തെ അടിസ്ഥാനമാക്കി ജീവിത സാഹചര്യമൊരുക്കുന്നതിന് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന് കഴിയും. പരസ്പര സ്നേഹത്തിനും സഹകരണത്തിനും മുൻതൂക്കം നൽകുകയും ആത്മീയതയിലൂടെ വളരുകയും ചെയ്യുമ്പോഴാണ് മനുഷ്യ ജീവിതം സാർത്ഥകമാകുന്നതെന്നും ധ്യാനത്തിന് ഇക്കാര്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി. വിശ്വംഭരൻ, യൂണിയൻ- ശാഖാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. വെള്ളാപ്പള്ളിയെ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു.