ബാർ കൗൺസിൽ ചെയർമാനടക്കം 30 അഭിഭാഷകർക്ക് സസ്പെൻഷൻ
സംഘർഷം ജില്ലാ ജഡ്ജിയെ ബഹിഷ്ക്കരിക്കുന്നതിലുള്ള ഭിന്നത
കൊല്ലം: കൊല്ലം ബാറിലെ ഇരുവിഭാഗം അഭിഭാഷകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് അഭിഭാഷകർക്ക് പരിക്കേറ്റു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശനെ ബഹിഷ്ക്കരിക്കാനുള്ള ബാർ അസോസിയേഷൻ തീരുമാനം വകവയ്ക്കാതെ ഒരു വിഭാഗം അഭിഭാഷകർ കോടതിയിൽ കയറിയതിനെച്ചൊല്ലിയുള്ള വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ആൾ ഇന്ത്യ ലായേഴ്സ് യൂണിയനിലെ(ഐലു) അഭിഭാഷകരാണ് ബാർ അസോസിയേഷൻ തീരുമാനം തള്ളി ഇന്നലെ കോടതിയിൽ കയറിയത്.
ബാർ അസോസിയേഷൻ തീരുമാനം ലംഘിച്ചതിനെച്ചൊല്ലി അസോസിയേഷനിൽപെട്ട അഭിഭാഷകരും ഐലുവിലെ അഭിഭാഷകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അസോസിയേഷൻ അംഗങ്ങളായ റിയാസ്, അനസ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇരുവിഭാഗവും പരാതി നൽകിയതിനെ തുടർന്ന് വെസ്റ്ര് പൊലീസ് രണ്ട് കേസെടുത്തു.
സംഭവത്തെ തുടർന്ന് ചേർന്ന ബാർ അസോസിയേഷന്റെ അടിയന്തര യോഗമാണ് ഐലു നേതാവും ബാർ കൗൺസിൽ ചെയർമാനുമായ ഇ. ഷാനവാസ്ഖാൻ അടക്കം 30 പേരെ ബാർ അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരു ജില്ലാ ഗവ. പ്ളീഡർ, 5 പബ്ളിക് പ്രോസിക്യൂട്ടർമാർ, കോൺഗ്രസ് നേതാവും മുൻ ജില്ലാ ഗവ. പ്ളീഡറുമായ സുധീർ ജേക്കബ് എന്നിവരും ഉൾപ്പെടുന്നു.
.............................................................
കഴിഞ്ഞ 14ന് നടന്ന ദേശീയ ലോക് അദാലത്തുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങൾ. ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ലോക് അദാലത്ത് കൊല്ലം ബാർ അസോസിയേഷന്റെ ബഹിഷ്ക്കരണ ഭീഷണി വകവയ്ക്കാതെ സംഘടിപ്പിച്ചത് അഭിഭാഷകരെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ബാർ അസോസിയേഷൻ അടിയന്തര ജനറൽ ബോഡി കൂടിയാണ് ഇന്നലെ ജില്ലാ സെഷൻസ് ജഡ്ജിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. തീരുമാനം ഐലു അംഗങ്ങളും അംഗീകരിച്ചിരുന്നുവെന്നാണ് ബാർ അസോ. ഭാരവാഹികൾ പറയുന്നത്. എന്നാൽ ഇന്നലെ ഐലു അംഗങ്ങൾ തീരുമാനം മാറ്റി ജില്ലാ സെഷൻസ് ജഡ്ജിയുടെ കോടതിയിൽ കയറുകയായിരുന്നു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലാണ് ഐലു അഭിഭാഷകരുടെ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണമെന്നാണ് സൂചന.
'ർ1500 ലധികം അംഗങ്ങളുള്ള ബാർഅസോസിയേഷനിലെ ഭൂരിഭാഗം അഭിഭാഷകരും ചേർന്നെടുത്തതാണ് ജില്ലാ സെഷൻസ് ജഡ്ജിയെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം. ഐലു അംഗങ്ങളും അംഗീകരിച്ചിരുന്നുവെങ്കിലും ഇന്നലെ അവർ കരണം മറിയുകയായിരുന്നു. ഇക്കാര്യത്തിൽ ഐലുവിലും ഭിന്നതയുണ്ട്.
ധീരജ് രവി, ബാർ അസോ. പ്രസിഡന്റ്
ഐലുവിന്റെ തീരുമാനപ്രകാരമാണ് ഇന്നലെ കോടതിയിൽ കയറിയത്. ഇത് ബാർ അസോസിയേഷൻ തീരുമാനത്തിന് വിരുദ്ധമാണ്. എന്നെ സസ്പെൻഡ് ചെയ്ത അസോ. തീരുമാനം ശരിയാണ്. അതംഗീകരിക്കുന്നു.
ഇ. ഷാനവാസ്ഖാൻ, ബാർ കൗൺസിൽ ചെയർമാൻ
ക്രിസ്മസ് ആഘോഷത്തിനിടെ ബഹളം: അഭിഭാഷകർക്കെതിരായ പരാതി ഹൈക്കോടതിക്ക്
കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകർ 19 ന് നടത്തിയ ക്രിസ്മസ് ആഘോഷം അതിരുകടന്നത് കളക്ടറേറ്റിലെ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി ജില്ലാ കളക്ടറുടെ പരാതി. വൈകിട്ട് 3 മണിയോടെ നടന്ന ആഘോഷം പാട്ടും ഡാൻസും ഒക്കെയായി ബഹളമയമായിരുന്നു. ഇത് കളക്ടറേറ്റിലെ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചതായി കാട്ടി കളക്ടർ ബി. അബ്ദുൽ നാസർ ജില്ലാ സെഷൻസ് ജഡ്ജിക്കും സിറ്രി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ജില്ലാ സെഷൻസ് ജഡ്ജിക്ക് ലഭിച്ച പരാതി അദ്ദേഹം ഹൈക്കോടതിക്ക് കൈമാറി.