photo
വർഷങ്ങളായി തകർന്ന് കിടക്കുന്ന മുഴങ്ങോട്ട് വിള - തുറയിൽക്കുന്ന് ക്ഷേത്രം റോഡ്.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന മുഴങ്ങോട്ട് വിള - തുറയിൽക്കുന്ന് ക്ഷേത്രം റോഡിലൂടെയുള്ള വാഹനയാത്ര നാട്ടുകാരുടെ നടുവൊടിക്കുന്നു. വർഷങ്ങളായി നാട്ടുകാർ ഈ ദുരിതം അനുഭവിക്കുകയാണ്. 10 വർഷം മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്ന് ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനയാത്ര പോയിട്ട് ഇതുവഴിയുള്ള കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. സൈക്കിളിൽ സ്കൂളുകളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ കുഴികളിൽ വീണ് അപകടം പറ്റുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. കരുനാഗപ്പള്ളിയെ പടിഞ്ഞാറൻ പ്രദേശവുമായി ബന്ധിപ്പിക്കുന്ന റോഡ് പുനരുദ്ധരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

10 വർഷം മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്

2 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം

റോഡിന്റെ പുനരുദ്ധാരണത്തിനായി കരുനാഗപ്പള്ളി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒന്നിലധികം പ്രാവശ്യം ടെന്റർ ചെയ്തെങ്കിലും കരാറുകാർ ടെന്റർ നടപടികളിൽ നിന്നും വിട്ടു നിന്നു. നടപ്പ് സാമ്പത്തിക വർഷം 140 റോഡുകളാണ് മുനിസിപ്പാലിറ്റി ടെന്റർ ചെയ്തത്. ഇതിൽ 46 കോൺക്രീറ്റ് റോഡുകളുടെ ടെന്റർ മാത്രമാണ് കരാറുകാർ ഏറ്റെടുത്തത്.

ഡിവിഷൻ കൗൺസിലർ സുജി

ഓടയില്ലാത്തതാണ് പ്രശ്നം

ഐക്കര ജംഗ്ഷൻ മുതൽ തുറയിൽകുന്ന് ക്ഷേത്രം വരെ റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതാണ് റോഡ് പെട്ടന്ന് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന 29, 30, 31, 32, 33, 34 എന്നീ ഡിവിഷനുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. റോഡിന് 2 കിലോമീറ്ററോളം ദൈർഘ്യം വരും. കരാറുകാരുടെ ബഹിഷ്ക്കരണമാണ് റോഡുകളുടെ വികസനത്തിൽ കരുനാഗപ്പള്ളി നഗരസഭ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

അരാധനാലയങ്ങളും സ്കൂളുകളും

തുറയിൽക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമീക്ഷേത്രം, എസ്.എൻ.യു.പി സ്കൂൾ, പുല്ലന്തറ ഗണപതി ക്ഷേത്രം, ചൂരക്കാട്ട് ദുർഗാദേവീ ക്ഷേത്രം, ഐക്കര തൈക്കാവ്, മുഴങ്ങോട്ടുവിള മുസ്ലിം പള്ളി, മുഴങ്ങോട്ടവിള ഗവ. യു.പി സ്കൂൾ തുടങ്ങി നിരവധി അരാധനാലയങ്ങളും സ്കൂളുകളും റോഡിന്റെ പരിധിയിൽ വരുന്നു. 200 ഓളം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും ദിനംപ്രതി റോഡിലൂടെ കടന്ന് പോകുന്നുണ്ട്.