പുനലൂർ: നമ്മൾ ശുചിത്വം പാലിക്കണമെന്ന ഗുരുദേവന്റെ ആശയം ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ശുചിത്വ ഭാരതം (സ്വച്ച്ഭാരത്) പദ്ധതി നടപ്പാക്കുന്നതെന്ന് ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എസ്.എൻ.ഡി..പി യോഗം പുനലൂർ യൂണിയന്റെ നേത്വതൃത്തിൽ 29ന് രാവിലെ 6.30ന് യൂണിയൻ ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന മൂന്നാം ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് പീതാംബര ദീക്ഷ നൽകുന്ന ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ നൽകുന്ന അവധി ശിവഗിരി തീർത്ഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാക്കണമെന്നും ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, സന്തോഷ് ജി. നാഥ്, അടുക്കളമൂല ശശിധരൻ, എൻ. സുന്ദരേശൻ, എസ്. എബി, ബിനിൽകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, വനിതാസംഘം പുനലൂർ യൂണിയൻ രക്ഷാധികാരിയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായ ബി. ശാന്തകുമാരി, പ്രസിഡന്റ് ഷീലാ മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമനപുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ് , സെക്രട്ടറി പ്രീത, സൈബർ യൂണിയൻ പ്രസിഡന്റും ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം പുനലൂർ യൂണിയൻ സെക്രട്ടറിയുമായ പി.ജി. ബിനുലാൽ, സൈബർ സേന യൂണിയൻ സെക്രട്ടറി ഇടമൺ അനീഷ് തുടങ്ങിയവർ സംസാരിച്ചു. പദയാത്ര ക്യാപ്ടനും യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ അടക്കം 200 ഓളം ശ്രീനാരായണീയർക്ക് സ്വാമി പീതാംബര ദീക്ഷ നൽകി.