കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിലെ കിളികൊല്ലൂർ കോയിക്കൽ പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരു കോടിരൂപ അനുവദിച്ചു. പാലത്തിന്റെ അടിഭാഗത്തെ തകർന്ന കോൺക്രീറ്റ് ബലപ്പെടുത്താനും തകർന്ന കൈവരികൾ പുനർനിർമ്മിക്കാനുമായാണ് തുക അനുവദിച്ചത്.
അറ്റകുറ്റപ്പണിക്ക് അനുമതി തേടി ദേശീയപാതാ വിഭാഗം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ടും അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രാലയം ഒരു കോടി രൂപ അനുവദിച്ചത്. കോൺക്രീറ്റ് പാളികൾ തകർന്ന് തകർച്ചയുടെ വക്കിലെത്തിയ പാലത്തിന്റെ അവസ്ഥയെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ബീം 'പ്രഷർ ഗ്രൗട്ട്' ചെയ്ത് ബലപ്പെടുത്തും.
പാലം അടച്ചിടേണ്ടി വരും, കുരുക്ക് രൂക്ഷമാകും
കോയിക്കൽ പാലം അറ്റകുറ്റപ്പണി നടത്താൻ കൊല്ലം- തിരുമംഗലം ദേശീയപാത അടച്ചിടേണ്ടി വരും. ഇത് രൂക്ഷമായ ഗതാഗതകുരുക്കിന് ഇടയാക്കും. രണ്ട് മാസത്തോളമെങ്കിലും അറ്റകുറ്റപ്പണിക്കായി വേണ്ടിവരും. ഇതിനാൽ ഗതാഗതം ബൈപാസ് റോഡ് വഴിയോ മങ്ങാട് റോഡിലൂടെയോ തിരിച്ചുവിടേണ്ടിവരും.
ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നുപോകുന്ന കൊല്ലം- തിരുമെഗലം ദേശീയപാതയിലാണ് കോയിക്കൽ പാലം. ഇരുവശങ്ങളിൽ നിന്നുമുള്ള റോഡ് വീതി കുറഞ്ഞാണ് പാലത്തിലേക്ക് കടക്കുന്നത്. കൈവരി തകർന്നതിനാൽ അശ്രദ്ധമായി കടന്നുവരുന്ന വാഹനങ്ങൾ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിളികൊല്ലൂർ തോട്ടിലേക്ക് പതിക്കുന്ന സ്ഥിതിയാണ് നിലവിൽ.
'എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻതന്നെ ടെണ്ടർ നടപടികളിലേക്ക് കടക്കും "
ജയ, എക്സിക്യൂട്ടീവ് എൻജിനിയർ, ദേശീയപാത