പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയോരത്തെ ഇടപ്പാളയത്ത് താമസിക്കുന്നവർ ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ റെയിൽവേ അധികൃതരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 9മണിയോടെയാണ് സംഭവം. 25 ഓളം താമസക്കാർക്ക് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകാനാണ് അധികൃതരെത്തിയത്. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ആർ. സുരേഷ്, ഐ. മൺസൂർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശശിധരൻ, തോമസ് മൈക്കിൾ, ബിനുമാത്യൂ തുടങ്ങിയവരുടെ നേത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞ ശേഷം മടക്കി അയച്ചത്. കുടി ഒഴിപ്പിക്കലിനെ സംബന്ധിച്ച് ജില്ലാ കളക്ടർ, റവന്യൂ ഉദ്യോഗസ്ഥർ അടക്കമുളളവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി ജോയിന്റ് വേരിവിക്കേഷൻ നടത്താനിരിക്കെയാണ് റെയിൽവേ അധികൃതർ കുടി ഒഴിപ്പിക്കൽ നോട്ടീസുമായി എത്തിയതെന്ന് നേതാക്കൾ പറഞ്ഞു.