കൊല്ലം: പൗരത്വ ഭേദഗതി ബിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും മംഗളൂരുവിൽ പ്രതിഷേധ സമരം നയിച്ച സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും സി.പി.ഐ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ചേർന്ന യോഗം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഉയർന്നുവരുന്ന പ്രതിഷേധത്തെ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജി. ലാലു പറഞ്ഞു.
സിറ്റി കമ്മിറ്റി സെക്രട്ടറി എ. ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, ജില്ലാ കൗൺസിലംഗം എ. രാജീവ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ അയത്തിൽ സോമൻ, ഉളിയക്കോവിൽ ശശി, എൻ. ശശിധരൻ, എൽ. ശശിധരൻ, കെ.എസ്. സജിത്ത്, ബി. ശങ്കർ എന്നിവർ നേതൃത്വം നൽകി.