qac
ക്യു.എ.സി റോഡ്

 ഇരുട്ടിന്റെ മറവിൽ വാഹന മോഷണശ്രമം വ്യാപകമാകുന്നു

കൊല്ലം: നഗരസഭാ ഓഫീസിനോട് ചേർന്നുള്ള ക്യു.എ.സി റോഡ് സന്ധ്യമയങ്ങുമ്പോൾ അന്ധകാരനഴിയായി മാറിയ അവസ്ഥയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതോടെ ഇരുട്ടിന്റെ മറപറ്റി റോഡ് വക്കിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളും വ്യാപകമാകുകയാണ്.

നേരത്തെ റെയിൽവേ സ്റ്റേഷൻ കർബല റോഡ് കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്ടിച്ചിരുന്ന സംഘവും ക്യു.എ.സി റോഡ് താവളമാക്കിയതായി സംശയമുണ്ട്. റെയിൽവേ ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തകർത്ത് മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു. രാത്രി 11 മണിയോടെ ഉടമ മടങ്ങിയെത്തിയപ്പോൾ കാറിന് സമീപത്ത് നിന്ന് ഒരു ബൈക്ക് ചീറിപ്പാഞ്ഞ് പോകുന്നതായി കണ്ടു. തുടർന്ന് നോക്കിയപ്പോഴാണ് കാറിന്റെ ഡോർ തകർത്ത നിലയിൽ കണ്ടത്. സമാനമായ സംഭവങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പലതവണ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

 സ്ത്രീകളടക്കം ഭയത്തിൽ

സായിയുടേതടക്കം മൂന്ന് ഹോസ്റ്റലുകൾ ക്യു.എ.സി റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ വനിതാ താരങ്ങളടക്കം പരിശീലനം കഴിഞ്ഞ് ഭയന്നാണ് രാത്രി ഹോസ്റ്റലുകളിലേക്ക് മടങ്ങുന്നത്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലും വൈകിട്ട് വ്യായായമത്തിനും പരിശീലനത്തിനുമായി സ്ത്രീകളടക്കം നൂറ് കണക്കിന് പേരെത്തുന്നുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന സമീപവാസികളും ഇതുവഴി നടന്നാണ് വീടുകളിലേക്ക് മടങ്ങുന്നത്.

രാത്രികാലങ്ങളിൽ നൂറ്കണക്കിന് പേർ സഞ്ചരിക്കുന്ന റോഡായിട്ടും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. ഈഭാഗത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നവർ പലതവണ ആവശ്യപ്പെട്ടെങ്കിലും അതും ഇതേവരെ നടപ്പായിട്ടില്ല.