ഓച്ചിറ: ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പള്ളിമുക്ക് മഞ്ഞാടിമുക്ക് റോഡിൽ തിരുവോണം ജംഗ്ഷന് പടിഞ്ഞാറ് വശത്താണ് സ്ഥിരമായി മാലിന്യനിക്ഷേപം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഓച്ചിറ ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിൽ ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിലും പഞ്ചായത്തിന്റെ വകയായുള്ള തോട്ടിലുമാണ് മാലിന്യം തള്ളുന്നത്. വഴിവിളക്ക് പ്രകാശിക്കാത്തതാണ് മാലിന്യനിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നത്. രാത്രി ഒരുമണിക്കും നാലിനും ഇടയ്ക്കാണ് പതിവായി ഇത്തരം പ്രവൃത്തികൾ നടക്കുന്നത്.
സ്ഥലത്തെ പ്രമുഖ ക്വട്ടേഷൻ സംഘങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യ നിഷേപം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. അതിനാൽ പരസ്യമായി പ്രതികരിക്കുന്നതിനും നാട്ടുകാർക്ക് ഭയമാണ്. കഴിഞ്ഞ ആഴ്ച പായിക്കുഴി ശിവാലയം ജംഗ്ഷന് തെക്കുവശം വേലശ്ശേരി വയലിലും ശുചിമുറിമാലിന്യം തള്ളിയിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്.