c
പുനലൂർ - മൂവാറ്റുപുഴ പാതയിലെ കലുങ്കിന്റെ രണ്ട് കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് അപകട ഭീഷണിയിലായതോടെ നാട്ടുകാർ കമ്പുകളും വീപ്പയും വച്ചും ചുവന്ന തുണി കെട്ടിയും അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നു

ശബരിമല തീർത്ഥാടകരുടേതടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാത

പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ പാതയിലെ കലുങ്കിന്റെ രണ്ട് കോൺക്രീറ്റ് സ്ലാബുകൾ ഒരു മാസം മുമ്പ് തകർന്ന് അപകട ഭീഷണിയിലായിട്ടും നടപടിയെടുക്കാത അധികൃതർ. ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പാണ് കലുങ്ക് തകർന്നത്. വാഴത്തോപ്പിനും പിറവന്തൂർ ജംഗ്ഷനും മദ്ധ്യേയുള്ള വളവിലെ കലുങ്കാണ് തകർന്നത്. ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡാണിത്. ടാറിംഗ് നടത്തവേ കോൺക്രീറ്റ് സ്ലാബ് പൊട്ടിയത് പൊതുമരാമത്ത് അധികൃതരുടെയും കരാറുകാരന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കുഴിയിൽ കല്ലുകൾ നിറച്ച് മുകളിലൂടെ ടാറിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഭാരം കയറ്റിയ ലോറി കയറിയപ്പോൾ കലുങ്ക് ഇടിഞ്ഞ് താഴുകയായിരുന്നു. ലോറി നിയന്ത്രണം വിട്ട് വലത്തേക്ക് പാളിയെങ്കിലും ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലമാണ് തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.

അധികൃതരുടെ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പൊതുമരാമത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കും.

ചേത്തടി ശശി.

(കെ.പി.സി.സി വിചാർ വിഭാഗ് പത്തനാപുരം നിയോജക മണ്ഡലം ചെയർമാൻ )

ശബരിമല തീർത്ഥാടകരടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയിലെ അപകടം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.

മുരളീധരൻ.

ഉദയം, പൂവണ്ണുംമൂട്.

(പൊതുപ്രവർത്തകൻ)

അപകട മുന്നറിയിപ്പ്

ഇവിടെ ഇരുചക്ര വാഹനയാത്രക്കാരടക്കം അപകടത്തിൽപ്പെടുന്നത് പതിവായതോടെ നാട്ടുകാർ കമ്പുകളും വീപ്പയും വച്ചും ചുവന്ന തുണി കെട്ടിയും അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ സഞ്ചാരം കൂടിയിരിക്കുകയാണ്. സമീപത്തെ 2 സ്കൂളുകളിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടുമായി ഇതുവഴി കടന്നു പോകുന്നുണ്ട്.

രാത്രിസഞ്ചാരം അപകടം

രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ കുഴിയിൽ അകപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഒരു ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളെ കടത്തി വിട്ട ശേഷമാണ് എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ നിലവിൽ കടന്നു പോകുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കലുങ്കിന്റെ അടുത്ത രണ്ട് സ്ലാബുകൾ കൂടി തകർന്നിരിക്കുകയാണ്.

ശക്തമായ സമരം

അപകട ഭീഷണി ഉയർത്തുന്ന കലുങ്ക് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. സ്റ്റേറ്റ് ഹൈവേ റോഡിന്റെ പണികൾക്കായി കരാർ നല്കിയിരിക്കുന്ന സാഹചര്യത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും പണികൾ നടത്തേണ്ട ഉത്തരവാദിത്വം കെ.എസ്.ടി.പിക്കാണെന്നാണ് അധികൃതരുടെ വാദം.