ഓച്ചിറ: കൊല്ലം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കൽ - വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. പാലം യാഥാർത്ഥ്യമായാൽ ഒരു ജനതയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. അപ്രോച്ച് റോഡിന്റെ നിർമ്മാണം വൈകുന്നതാണ് പണി ഇഴയാൻ കാരണം. പാലം പണി പൂർത്തിയാകുന്നതോടെ സർക്കാരിന്റെ പരിഗണനയിലുള്ള തീരദേശ ഹൈവേയുടെ തോട്ടപ്പള്ളി മുതൽ കരുനാഗപ്പള്ളി പണിക്കർകടവ് വരെയുള്ള ഭാഗം യാഥാർത്ഥ്യമാകും. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകേയാണ് പാലം നിർമ്മിക്കുന്നത്. 2016 ഫെബ്രുവരി 27ന് വലിയഴീക്കൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തലയാണ് പാലത്തിന് തറക്കല്ലിട്ടത്. 120 കോടി രൂപയാണ് അടങ്കൽ തുക. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർമ്മാണത്തിനുള്ള തുക നൽകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 815 മീറ്റർ നീളമാണ് പാലത്തിന് മാത്രമുള്ളത്. എന്നാൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 1229 മീറ്റർ നീളം വരും. നടപ്പാത ഉൾപ്പെടെ 13.2 മീറ്ററാണ് പാലത്തിന്റെ വീതി.
2016 ഫെബ്രുവരി 27നാണ് പാലത്തിന്റെ തറക്കല്ലിട്ടത്
120 കോടി രൂപയാണ് അടങ്കൽ തുക
815 മീറ്റർ നീളമാണ് പാലത്തിന് മാത്രമുള്ളത്(അപ്രോച്ച് റോഡ് ഉൾപ്പെടെ 1229 മീറ്റർ നീളം )
13.2 മീറ്ററാണ് നടപ്പാത ഉൾപ്പെടെ പാലത്തിന്റെ വീതി
നിർമ്മാണത്തിന്റെ ആരംഭം മുതൽ തടസങ്ങൾ
നിർമ്മാണത്തിന്റെ ആരംഭം മുതൽ പലവിധ തടസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോസ്റ്റ് ഗാർഡ് യൂണിറ്റിന് അഴീക്കലിൽ അനുമതി ലഭിച്ചതോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറൻസിനായി വളരെക്കാലം കാത്തിരിക്കേണ്ടിവന്നു. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയാണ് നിർമ്മാണം ആരംഭിച്ചത്. അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുത്ത അഴീക്കൽ വലിയഴീക്കൽ പ്രദേശത്തെ വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വൈകിയതും പാലം പണി വൈകാൻ കാരണമായി. അപ്രോച്ച് റോഡ് ആരംഭിക്കുന്ന അഴീക്കൽ ഹാർബറിന് സമീപമുള്ള സർതക്കാർ പുറമ്പോക്കിൽ 200 മീറ്റർ നീളത്തിൽ ഇനിയും റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
തോട്ടപ്പള്ളിയിൽ വേഗത്തിലെത്താം
പാലംപണി പൂർത്തിയാകുന്നതോടെ കരുനാഗപ്പള്ളി പണിക്കർ കടവിൽ നിന്ന് ദേശീയ പാതയിൽ കയറാതെ തോട്ടപ്പള്ളിയിൽ വേഗത്തിലെത്താം. കായംകുളം ഹാർബറിന്റെ വികസനത്തിന് ഏറെ സഹായകരമായിരിക്കും പുതിയ പാലം. ഇവിടെ നിന്നും പിടിക്കുന്ന മത്സ്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വേഗത്തിൽ എത്തിക്കുന്നതിനും പാലം സഹായകരമാകും.
പ്രധാന ആകർഷണം
പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള ആർച്ചുകളാണ് പ്രധാന ആകർഷണം. നടുവിലുള്ള സ്പാന് 110മീറ്റർ നീളവും ജലനിരപ്പിൽ നിന്നും 12 മീറ്റർ ഉയരവുമുണ്ട്. വലിയ ഫിഷിംഗ് ബോട്ടുകൾക്ക് വരെ പാലത്തിനടിയിൽ കൂടി കടന്നുപോകുന്നതിന് ഉയരം സഹായകരമാകും. ഹാർബർ നിർമ്മാണത്തിനായി പൊഴിയുടെ ഇരുവശങ്ങളിലും കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് അഴീക്കലും വലിയഴീക്കലും സ്വാഭാവിക ബീച്ചുകൾ രൂപപ്പെടുന്നതിന് കാരണമായി. അവധിദിവസങ്ങളിൽ നൂറുകണക്കിന് വിദേശ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.