marriage
കൊല്ലം കെയർ പാലിയേറ്റിവ് സൊസൈറ്റിക്കുള്ള സംഭാവനയായ ഒന്നര ലക്ഷം രൂപയുടെ ചെക്ക് പ്രേംകുമാർ സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാറിന് കൈമാറുന്നു

കുണ്ടറ: മകളുടെ കല്യാണത്തിന് ആർഭാടങ്ങൾ ഒഴിവാക്കി കണ്ടെത്തിയ തുക കിടപ്പുരോഗികൾക്ക് സഹായം നൽകി മാതൃകയായി ദമ്പതികൾ. കുണ്ടറ ചെറുമൂട് അനിൽ ഡെയിലിൽ പ്രേം കുമാറും ഭാര്യ ലൈലയുമാണ് മകൾ ശിൽപ്പയുടെ വിവാഹവേദിയിൽ വച്ച് കിടപ്പുരോഗികളെ പരിചരിക്കുന്ന കൊല്ലം കെയർ പാലിയേറ്റിവ് സൊസൈറ്റിക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ശിൽപ്പയും നെടുമ്പന നെടിയഴികത്ത് വീട്ടിൽ അശോകൻ, പ്രസന്ന ദമ്പതികളുടെ മകൻ ആർമി ഉദ്യോഗസ്ഥൻ അഖിൽ ജിത്തുമായുള്ള വിവാഹം കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. താലികെട്ട് കഴിഞ്ഞയുടൻ പ്രേംകുമാറും ഭാര്യ ലൈലയും ചേർന്ന് സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാറിന് ചെക്ക് കൈമാറുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ കരുണയുടെ കരസ്പർശത്തെ അഭിനന്ദിച്ചത്.

പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിനും സൽക്കാരത്തിനും കേരള ശുചിത്വ മിഷന്റെ പ്രത്യേക അഭിനന്ദനവും പ്രേംകുമാറിന് ലഭിച്ചു. ഇതിനുള്ള സാക്ഷ്യപത്രം പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ ചടങ്ങിൽ നവ ദമ്പതികൾക്ക് കൈമാറി.