swami-ezhukone
ഏഴുകോണിൽ സ്വാമി സച്ചിതാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ശ്രീനാരായണ ദിവ്യ പ്രബോധനത്തിന്റെ സമാപന ചടങ്ങ്

കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവനിലേക്ക് ഭക്തമനസ്സുകളെ ഇഴയിട്ടടുപ്പിക്കുകയും ഗുരുദേവന്റെ ഈശ്വരീയത പ്രകടമാക്കുകയും ചെയ്ത ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന് എഴുകോണിൽ ഭക്തിനിർഭരമായ സമാപനമായി. നാലു നാളുകളിൽ വ്രതശുദ്ധിയോടെ പങ്കെടുത്ത ഭക്തർക്ക് ആത്മീയതയിലൂന്നിയ വേറിട്ട അനുഭവമാണ് ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദ നേതൃത്വം നൽകിയ പ്രബോധനം സമ്മാനിച്ചത്. ശ്രീനാരായണ ഗുരുദേവ ദർശനം, കൃതികൾ, സന്ദേശങ്ങൾ, ഈശ്വരസ്വരൂപം, ഗുരുവിന്റെ സന്യസ്ഥ-ഗൃഹസ്ഥ ശിഷ്യ പരമ്പരകൾ, ഗുരുവിനെ ദർശിച്ച മഹാത്മാക്കൾ, ക്ഷേത്ര പ്രതിഷ്ഠകൾ, കേരളത്തിന്റെയും ലോകത്തിന്റെയും ഗതിവിഗതികൾ, ശാസ്ത്ര നേട്ടത്തിന് ഉപകരിച്ച ഗുരുസന്ദേശങ്ങൾ എന്നിവയിലൂടെയാണ് വാക്കുകളാലും പ്രാർത്ഥനകളാലും യജ്ഞാചാര്യൻ സഞ്ചരിച്ചത്. ആനന്ദ സാഗരം, മഹാസമാധി വിഷയങ്ങളിലൂന്നിയായിരുന്നു സമാപന ദിനത്തിലെ പ്രബോധനം. അറിവിന്റെ വാതിൽ തുറന്നിടുകയും ഭക്തിയിലൂടെ ഗുരുദേവന്റെ ഈശ്വരീയ ചൈതന്യം പ്രകടമാക്കുകയുമായിരുന്നു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലിൽ കുമാരമംഗലം, 829 കാരുവേലിൽ, കാരുവേലിൽ ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട്, ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് എഴുകോണിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിച്ചത്. ഓരോ ദിനത്തിലും ധ്യാനത്തിൽ പങ്കെടുക്കാനുള്ളവരുടെ എണ്ണം കൂടിവന്നു. നേരത്തേതന്നെ പീതാംബര ദീക്ഷ ഏറ്റുവാങ്ങി പഞ്ചശുദ്ധിയും പഞ്ചകർമ്മവും പാലിച്ചവരെ കൂടാതെയും കൂടുതൽപേർ പങ്കെടുത്തു. മംഗളാരതിയോടെ യജ്ഞപ്രസാദ വിതരണം നടത്തി ധ്യാനത്തിന് പരിസമാപ്തി കുറിച്ചപ്പോൾ ദിവ്യപ്രബോധന ധ്യാനം വേറിട്ട അനുഭവമായിരുന്നുവെന്ന് ഓരോരുത്തരും വിലയിരുത്തി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ, യൂണിയൻ-ശാഖാ ഭാരവാഹികൾ എന്നിവരാണ് തുടക്കംമുതൽ അവസാനംവരെയും ധ്യാനയജ്ഞത്തിന് നേതൃത്വം നൽകിയത്.