പരവൂർ: മദപ്പാടുള്ള ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് പാലവിളകിഴക്കതിൽ മാധവൻനായരുടെ മകൻ ബിജുവാണ് (48) മരിച്ചത്. ഇന്നലെ രാവിലെ മീനാട് സ്വദേശിയുടെ ആനകൊട്ടിലിൽ തറി വൃത്തിയാക്കി ഭക്ഷണം കൊടുക്കുന്നതിനിടെ മീനാട് കേശു എന്ന ആന ആക്രമിക്കുകയായിരുന്നു. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.12മണിയോടെ മരിച്ചു. രണ്ടു വർഷം മുമ്പാണ് ബിജു ഇവിടെ പാപ്പാനായി വന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പരവൂർ പൊലീസ് കേസെടുത്തു. ഭാര്യ :സുനിത മക്കൾ: അനീഷ്, ഗിരീഷ്.