കൊല്ലം: പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബഹിഷ്കരിക്കാനുള്ള ബാർ അസോസിയേഷൻ തീരുമാനത്തെച്ചൊല്ലി ജില്ലാ കോടതി വളപ്പിൽ കഴിഞ്ഞ ദിവസം അഭിഭാഷകർ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 60 അഭിഭാഷകർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. സംഘം ചേർന്നുള്ള കുറ്റകൃത്യം,ദേഹോപദ്രവമേൽപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ,അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ശനിയാഴ്ച രാവിലെയാണ് കോടതി വളപ്പിൽ സംഘർഷമുണ്ടായത്.
സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശനെ ബഹിഷ്ക്കരിക്കാനുള്ള ബാർ അസോസിയേഷൻ തീരുമാനം വകവയ്ക്കാതെ ഒരു വിഭാഗം അഭിഭാഷകർ കോടതിയിൽ കയറിയതിനെച്ചൊല്ലിയുള്ള വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ആൾ ഇന്ത്യ ലായേഴ്സ് യൂണിയനിലെ(ഐലു) അഭിഭാഷകരാണ് ബാർ അസോസിയേഷൻ തീരുമാനം തള്ളി ശനിയാഴ്ച കോടതിയിൽ കയറിയത്.
സംഭവത്തെ തുടർന്ന് ചേർന്ന ബാർ അസോസിയേഷന്റെ അടിയന്തര യോഗം ഐലു നേതാവും ബാർ കൗൺസിൽ ചെയർമാനുമായ ഇ. ഷാനവാസ്ഖാൻ അടക്കം 30 പേരെ ബാർ അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.