കൊല്ലം: വരിഞ്ഞു കെട്ടിയ കൈകാലുകളുമായി കാണികളെ ആവേശഭരിതരാക്കി ഡോൾഫിൻ രതീഷ് നീന്തിക്കയറി. ബീച്ച് ഗെയിംസ് 2019 ന്റെ ഭാഗമായി കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച സാഹസിക നീന്തൽ പ്രകടനം കാണികൾക്ക് വ്യത്യസ്ത അനുഭവമായി.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ രതീഷിന്റെ കൈകാലുകൾ ബന്ധിച്ചതോടെ ആകാംക്ഷയായി കാണികൾക്ക്. കടലിലേക്ക് കളക്ടറും സാഹസിക നീന്തലിന് സാക്ഷിയാകാൻ ബോട്ടിൽ തിരിച്ചു. ശക്തികുളങ്ങര പുലിമുട്ടിന് സമീപത്ത് നിന്ന് കടലിലേക്ക് ചാടിയ രതീഷ് 10 മിനിറ്റ് കൊണ്ട് ഡോൾഫിനെപോലെ കരയിലേക്ക് നീന്തി കയറുകയായിരുന്നു. അതിശയയിപ്പിക്കുന്നതും ആവേശം പകരുന്നതുമായ പ്രകടനം.
ചെറിയഴീക്കൽ സ്വദേശിയായ രതീഷ് 12 വർഷമായി കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡാണ്. ബന്ധിപ്പിക്കപ്പെട്ട കൈകാലുകളുമായി ഡോൾഫിനെ പോലെ നീന്തുന്നത് കൊണ്ട് ഡോൾഫിൻ രതീഷ് എന്നു പേരും വീണു. സർക്കാരിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ മുഖ്യ പങ്കാളികൂടിയാണ്. മൂന്ന് തവണ സാഹസിക നീന്തലിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി. മുങ്ങി മരണങ്ങൾ ഇല്ലാതാക്കുന്നതിന് യുവതലമുറയെ ബോധവാൻമാരാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പ്രകടനം നടത്തിയതെന്ന് ഡോൾഫിൻ രതീഷ് പറഞ്ഞു. പ്രളയകാലത്ത് സർക്കാരിനൊപ്പം രക്ഷാപ്രവർത്തനത്തിലും പങ്കാളിയായി നൂറ് കണക്കിന് പേരെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ബീച്ച് ഗെയിംസ് സംഘാടക സമിതിയുടെ ഉപഹാരം രതീഷിന് ജില്ലാ കളക്ടർ സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്കുമാർ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ബീച്ചിലെ വേദിയിൽ പെരിനാട് സംഘം അവതരിപ്പിച്ച സീതകളി വത്യസ്ത അനുഭവമായി. സിനിമാറ്റിക് ഡാൻസ് മത്സരവും ആവേശം പകർന്നു.