കൊട്ടാരക്കര: കൊല്ലം - തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര പുലമൺ പാലത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. കേന്ദ്ര ഉപരിതല ജലഗതാഗത മന്ത്രാലയമാണ് തുക അനുവദിച്ചത്. ബലക്ഷയം നേരിട്ടിരുന്ന പാലത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതോടെ പാലത്തിന്റെ മുഖം മാറും. കൊട്ടാരക്കര - പുനലൂർ റോഡിൽ പുലമൺ തോടിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച പാലത്തിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതിനെ തുടർന്ന് പാലത്തിൽ ആൽമരങ്ങൾ വളരാൻ തുടങ്ങുകയും വശങ്ങൾ ഇടിഞ്ഞുതാഴുകയും ചെയ്തു. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പാളികൾ ഇളകി കമ്പി തെളിഞ്ഞ് കാണാവുന്ന അവസ്ഥയാണ്. എപ്പോഴും വാഹനത്തിരക്കേറിയ പാലം അപകടാവസ്ഥയിലാണ്. പുലമൺ തോടിന്റെ നവീകരണത്തിന് കോടികൾ അനുവദിച്ചപ്പോഴും പാലത്തിന്റെ കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയായിരുന്നു.
ബലപ്പെടുത്തി മനോഹരമാക്കും
പാലത്തിന്റെ ബലക്ഷയം മാറ്റുകയാണ് അറ്റകുറ്റപ്പണിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തൂണുകൾ പുതുതായി നിർമ്മിക്കുന്നില്ല. എന്നാൽ നിലവിലുള്ളതിനെ ബലപ്പെടുത്തും. ഇളകിയ കോൺക്രീറ്റ് പാളികൾ മാറ്റി ഹൈടെക് സംവിധാനത്തിൽ കോൺക്രീറ്റ് ചെയ്യും. നിലവിലുള്ള കൈവരികൾ പൂർണമായും പൊളിച്ച് നീക്കിയ ശേഷം പുതിയത് നിർമ്മിക്കും. പുതിയ കൈവരികൾക്ക് ഉയരം കൂടുതലുണ്ടാകും. തുരുമ്പിച്ച കമ്പികൾ നീക്കം ചെയ്യും. വശങ്ങളിലെ കാട് വെട്ടിത്തെളിച്ച് കൽക്കെട്ടുകൾ പുനർ നിർമ്മിക്കും. ഇതിന് പുറമേ പെയിന്റിംഗ് ഉൾപ്പടെ നടത്തി പാലം മനോഹരമാക്കും.
1 കോടി വേണ്ട: 50 ലക്ഷം മതി
പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വേണ്ടിവരില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. 50 ലക്ഷം രൂപ മതിയാകും. ബാക്കി തുക മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന കാര്യവും പരിശോധിക്കും.
7 മീറ്റർ വീതി
പുലമൺ പാലത്തിന് നിലവിൽ ഏഴ് മീറ്റർ വീതി മാത്രമാണുള്ളത്. ദേശീയപാത ആകുന്നതിന് മുൻപ് നിർമ്മിച്ചതാണ് പാലം. വീതി കൂട്ടുന്നതിന് ഇരുവശത്തെയും സ്വകാര്യ ഭൂമിയും ഏറ്റെടുക്കേണ്ടിവരും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കുന്നുണ്ട്.
പുലമൺ കവലയിൽ കോൺക്രീറ്റ് മേൽപ്പാലവും
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ കവലയിൽ പുതുതായി കോൺക്രീറ്റ് പാലം നിർമ്മിക്കും. 750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലത്തിന് ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡും ഉണ്ടാകും. പാലം നിർമ്മിക്കുന്നതിന് 55 കോടി രൂപയാണ് ആകെ ചിലവ് കണക്കാക്കുന്നത്. ഇതിൽ നാല് കോടി രൂപ ടോക്കൺ അഡ്വാൻസ് ആയി അനുവദിച്ചിട്ടുണ്ട്.