ബിൽ മാറാത്തതിനാൽ കരാറുകാർ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല
കിട്ടാനുള്ളത് 3360 കോടി
കൊല്ലം: കരാറുകാർക്ക് നൽകാനുള്ള കുടിശിക 3360 കോടി കടന്നതോടെ സംസ്ഥാനത്ത് സർക്കാർ മേഖലയിലെ നിർമ്മാണ പ്രവൃത്തികൾ സ്തംഭനാവസ്ഥയിൽ. പൂർത്തിയായ പ്രവൃത്തികളുടെ പണം മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാത്തതിനാൽ കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല.
ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നതിന്റെ മുൻഗണന ക്രമം അനുസരിച്ചാണ് സാധാരണ പണം നൽകുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ഒരുമാസമായി ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രമാണ് മാറി നൽകുന്നത്. നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിൽ എത്താതിരിക്കാനുള്ള കുതന്ത്രങ്ങളും ചില ഉദ്യോഗസ്ഥർ പയറ്റുന്നു. കോടിക്കണക്കിന് രൂപയുടെ കിഫ്ബി പദ്ധതികളുടെ ബില്ലുകൾ പകുതി പണം പോലും നൽകാതെ അന്വേഷണം എന്ന പേരിൽ തടഞ്ഞിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും എം.എൽ.എ, എം.പി ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകളും സമാനമായ നിലയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിർവഹണ ഏജൻസികൾ തടയുകയാണ്. ചില വകുപ്പുകളിൽ ഒരു വർഷം മുൻപ് നൽകിയ ബില്ലുകൾ വരെ മാറാനുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾ നൽകാനുള്ളത്(തുക കോടിയിൽ)
പൊതുമരാമത്ത്: 2154
തദ്ദേശ സ്വയംഭരണം: 1020
ജലസേചനം: 120
(നവംബർ 9ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്ക്)
തദ്ദേശ വകുപ്പിലെ
കുടിശിക 59 കോടി
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ നിർമ്മാണ പ്രവൃത്തികളുടെ 59.34 കോടിയുടെ ബില്ലുകൾ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്
തദ്ദേശ പദ്ധതികൾ
പ്രതിസന്ധിയിൽ
ട്രഷറി സ്തംഭനം തദ്ദേശ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പണത്തിന്റെ വലിയ ഭാഗം നഷ്ടമാക്കുമെന്ന ആശങ്കയും ഉയരുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ഇന്നലെ വരെ 35.6 ശതമാനമാണ് ജില്ലയിലെ പദ്ധതി ചെലവ്. 476.03 കോടിയുടെ പദ്ധതികൾ ഇനി പൂർത്തിയാകാനുണ്ട്. ഇതിലേറെയും നിർമ്മാണ പ്രവൃത്തികളാണ്. ബില്ല് മാറാത്തതിനാൽ നിലവിൽ ടെണ്ടർ ചെയ്ത ഭൂരിഭാഗം പദ്ധതികളും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. ഈ അവസ്ഥ തുടർന്നാൽ പദ്ധതി നിർവഹണം പൂർണമായും പ്രതിസന്ധിയിലാകും.
'' നഷ്ടം സഹിച്ച് പണി പൂർത്തിയാക്കി കഴിയുമ്പോൾ ബിൽ മാറാതിരിക്കുന്നത് കരാറുകാരെ കടുത്ത പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ഒരു ബാരൽ ടാറിന് പൊതുവിപണിയിൽ 6921 രൂപയാണ് വില. പക്ഷേ, സർക്കാർ നൽകുന്നത് 5321 രൂപ മാത്രമാണ്. കണക്ക് കൃത്യമായി സമർപ്പിച്ചിട്ടും ജി.എസ്.ടി വകുപ്പും വേട്ടയാടുന്നു. പല കരാറുകാരും കടക്കെണിയിലാണ്.''
എസ്. ബൈജു
(ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)