dhrm

കൊല്ലം: ദലിത് ഹ്യൂമൻ റൈറ്റ്സ് കമ്മിഷന്റെ (ഡി.എച്ച്.ആർ.എം) പന്ത്രണ്ടാം വാർഷികവും ഡെമോക്രാറ്റിക്ക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് കേരളയുടെ പ്രഖ്യാപനവും 26ന് നടക്കുമെന്ന് ഡി.എച്ച്.ആർ.എം സംസ്ഥാന വൈസ് ചെയർമാൻ സജി കൊല്ലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏനാത്ത് ജയ ആഡിറ്രോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യാതിഥിയാവും. ഡെമോക്രാറ്റിക്ക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് കേരള സെക്രട്ടറി ഷൺമുഖൻ പരവൂർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അയ്യങ്കാളിയുടെ സമകാലികനും 104 വയസുമുള്ള കാളിയൻ അപ്പനെ ആദരിക്കും. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, കവി സി.എസ്.രാജേഷ്, കെ.കെ.എം.എസ് സംസ്ഥാന സെക്രട്ടറി കെ.കെ.രാമചന്ദ്രൻ എന്നിവർ സംസാരിക്കും.

ഡി.എച്ച്.ആർ.എം ജോയിന്റ് സെക്രട്ടറി രാജൻ കുളക്കട, ഡെമോക്രാറ്റിക്ക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് കേരള സംസ്ഥാന ചെയർപേഴ്സൺ സിന്ധു പത്തനാപുരം, ട്രഷറർ ബൈജു പത്തനാപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.