പുനലൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച് ഇടമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ധ്വനി ഫെയ്സ് ബുക്ക് കൂട്ടായ്മയും, ബേബി സാർ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി അവയവദാന സമ്മത പത്രവും, സൗജന്യ മെഡിക്കൽ ക്യാമ്പും, രക്തദാന സേന രൂപീകരിക്കലും സംഘടിപ്പിച്ചു. 14 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ കൂട്ടായ്മയിലെ അംഗങ്ങളായ ഷാനവാസും ഭാര്യ നെജീനയും മരണശേഷം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം കൈമാറി.
കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഇ. സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിള്ള, പഞ്ചായത്ത് അംഗം ആർ. സുരേഷ്, ഡോ. അനൂപ്, കവിയത്രി സ്മിതാ അനിൽ, തോമസ് കുട്ടി, ഫെയ്സ് ബുക്ക് ഭാരവാഹികളായ രാജേഷ്, ജയൻ ചിത്തിര, സെൽവരാജൻ, രേഖ രാജേഷ്, ഷാനവാസ്, അജാസ് തുടങ്ങിയവർ സംസാരിച്ചു.