navas
ശാസ്താംകോട്ടയിൽ നിർമ്മാണം പൂർത്തിയായ സിവിൽ സ്റ്റേഷൻ

ശാസ്താംകോട്ട: പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം വൈകുന്നതായി നാട്ടുകാരുടെ പരാതി. ഉദ്ഘാടനത്തിന് നേരത്തേ തന്നെ തീയതി നിശ്ചയിച്ചിരുന്നെങ്കിലും നിർമ്മാണത്തിലെ അപാകതകൾ കാരണം ഉദ്ഘാടനം നടത്താനാവാത്ത അവസ്ഥയാണ്. പണി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. നിലവിൽ ഒന്നാം നിലയിൽ താലൂക്ക് ഓഫീസും ,സിവിൽ സപ്ലൈസ് ഓഫീസും, പൊതുമരാമത്ത് എൻജിനിയറുടെ ഓഫീസും അടക്കമുള്ളവ പ്രവർത്തിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കിയിട്ടും മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില ഉപയോഗശൂന്യമായിക്കിടക്കുന്നതിന് പുറമേ ശാസ്താംകോട്ട ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടവും വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. ഈ രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ശാസ്താംകോട്ട ജംഗ്ഷനിൽ പുതിയ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള നീക്കം നടക്കുന്നത്.

പുതിയ സിവിൽ സ്റ്റേഷന്റെ നിർമ്മാണം

മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയും കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടവും ഒഴിഞ്ഞ് കിടക്കുമ്പോഴും ശാസ്താംകോട്ട ജംഗ്ഷനിൽ പുതിയ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വർഷങ്ങളായി മതിയായ രേഖകൾ ഇല്ലാതെ വാട്ടർ അതോറിറ്റിയുടെ കൈവശം ഉണ്ടായിരുന്ന 1.22 ഏക്കർ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഈ സ്ഥലം സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്.

കെട്ടിട നിർമ്മാണത്തിനായി ബഡ്ജറ്റ് വിഹിതമായി ഏഴു കോടി രൂപയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒന്നര കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

സർക്കാർ ഒാഫീസുകൾ വാടകക്കെട്ടിടത്തിൽ

നിർമ്മാണം പൂർത്തീകരിച്ച മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില വർഷങ്ങളായി ഒഴിഞ്ഞു കിടക്കുമ്പോഴും താലൂക്കിലെ പല പ്രധാനപ്പെട്ട സർക്കാർ ഒാഫീസുകളും ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ദുർബല പ്രദേശമായ തടാകതീരത്ത് എക്സൈസ് ഓഫീസ് നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.