വാട്ടർ അതോറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും
നവീകരണം ചർച്ച ചെയ്യാൻ മന്ത്രിയുടെ യോഗം
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ പാപ്പന്നൂർ വരെയുള്ള എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാമീണ പാത നവീകരിക്കുന്നു. ഇതിന് മുന്നോടിയായി പാതയോരത്ത് വാട്ടർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കും. ഇതിനായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പാത നവീകരണത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പുനലൂർ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഇന്നലെ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. കുണ്ടും കുഴിയും നിറഞ്ഞതും വീതി കുറവായതുമായ റോഡിന്റെ നവീകരണത്തിനായി എട്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 9 മീറ്റർ വീതിയിലാണ് നവീകരണം. നിലവിൽ ആറ് മീറ്റർ മുതൽ എട്ടര മീറ്റർ വീതി വരെയാണ് റോഡിനുള്ളത്. ഇത് വർദ്ധിപ്പിക്കുന്നതിന് റോഡിനിരുവശവുമുള്ള ഭൂമി ഏറ്റെടുക്കേണ്ടി വരും.
ഇതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളെ നേരിൽ കണ്ട് ചർച്ച നടത്താൻ ഓരോ വാർഡിലെയും കൗൺസിലർമാരയും, രാഷ്ട്രീയ നേതാക്കളെയും യോഗം ചുമലപ്പെടുത്തി. ഉടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകിയില്ലെങ്കിൽ റോഡ് നവീകരണം അനിശ്ചിതത്വത്തിലാകും. പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, കൗൺസിലർമാരായ എസ്. സുബിരാജ്, എസ്. സനിൽകുമാർ, സുനിത, ഝാൻസി, മുൻ കൗൺസിലർ ഡി. ദിനേശൻ, എസ്. രാജേന്ദ്രൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവർക്ക് പുറമേ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
പ്രധാന സമാന്തര പാത
പുനലൂർ നഗരസഭയേയും തെന്മല ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സമാന്തര പാതയാണ് നവീകരണത്തിന് ഒരുങ്ങുന്നത്. പുനലൂർ ടി.ബി ജംഗ്ഷനിൽ വാഴമൺ, വട്ടപ്പട, പാപ്പന്നൂർ, ഇടമൺ ഹൈസ് സ്കൂൾ ജംഗ്ഷൻ വഴി ദേശിയ പാതയിലെ ഇടമൺ സത്രം ജംഗ്ഷനിൽ എത്താവുന്ന പാതയിലെ പാപ്പന്നൂർ വരെയുള്ള ഭാഗത്താണ് നവീകരണം. ശേഷിക്കുന്ന ഭാഗം രണ്ടാംഘട്ടത്തിൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുനലൂരിൽ നിന്ന് ഇടമൺ സത്രം ജംഗ്ഷൻ വരെ സ്വകാര്യ ബസ് അടക്കമുളള വാഹനങ്ങൾ പാതയിലൂടെ സർവീസ് നടത്തുന്നുണ്ട്.
കേരളകൗമുദിയുടെ ഇടപെടൽ നിർണ്ണായകമായി
റോഡിന്റെ തകർച്ച മൂലം പാതയിലൂടെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.ബസ് നിർത്തലാക്കിയെങ്കിലും സ്വകാര്യ ബസ് ഇപ്പോഴും മുടങ്ങാതെ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സ്ഥലം മന്ത്രി കെ.രാജു അടക്കമുളളവരുടെ ഇടപെടലാണ് റോഡിന്റെ നവീകരണം സാദ്ധ്യമാകുന്നത്.