waste

 കോഴി വേസ്റ്റ് സംസ്കരണത്തിന് താല്പര്യപത്രം ക്ഷണിക്കും

കൊല്ലം: റോഡ് വക്കുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്ന കോഴിവേസ്റ്റ് പണമാക്കി മാറ്റാൻ നഗരസഭ. നഗരത്തിലെ ഇറച്ചിക്കോഴി സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ നഗരസഭ ഉടൻ താല്പര്യപത്രം ക്ഷണിക്കും.

നിലവിൽ സ്വകാര്യ ഏജൻസികൾ നഗരത്തിൽ നിന്ന് കോഴി വേസ്റ്റ് ശേഖരിക്കുന്നുണ്ട്. സമീപത്തെ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് ചെറിയ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യവും നഗരത്തിലെത്തിച്ച് വലിയ വാഹനങ്ങളിൽ തമിഴ്നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. ചെറിയ വാഹനങ്ങളിൽ നിന്ന് വലിയതിലേക്ക് മാറ്റുന്ന സ്ഥലത്ത് ആവശ്യമില്ലാത്ത പദാർത്ഥങ്ങൾ ഉപേക്ഷിച്ച് പോകുന്നതാണ് ഇവരുടെ പതിവ്. കൈമാറ്റ സ്ഥലങ്ങളിൽ രക്തം അടക്കം തളംകെട്ടി നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയ്ക്ക് വരുമാനം കൂടി കിട്ടുന്ന തരത്തിൽ കോഴി വേസ്റ്റ് സംസ്കരണത്തിന് അംഗീകൃത സംവിധാനം ഒരുക്കുന്നത്.

 താല്പര്യപത്രത്തിലെ വ്യവസ്ഥകൾ

നഗരത്തിലെ എല്ലാ ഇറച്ചിക്കോഴി കടകളിൽ നിന്നും മാലിന്യം ശേഖരിക്കണം, ശേഖരിക്കുന്ന മാലിന്യം പൂർണമായും സംസ്കരിക്കണം, മാലിന്യം കൊണ്ടുപോകാൻ പൂർണമായും ശീതീകരിച്ച വാഹനങ്ങൾ ഉണ്ടാകണം, കൊണ്ടുപോകുന്ന വഴിയിൽ മാലിന്യം ഒഴുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്, സംസ്കരണ പ്ലാന്റ് നഗരത്തിനകത്ത് ആകണമെന്നില്ല, വരുമാനത്തിൽ നിന്ന് നിശ്ചിത വിഹിതം നഗരസഭയ്ക്ക് നൽകണം തുടങ്ങിയ വ്യവസ്ഥകളാണ് നഗരസഭ മുന്നോട്ടുവയ്ക്കുന്നത്. ലഭിക്കുന്ന താല്പര്യ പത്രങ്ങൾ പരിശോധിച്ച് ഏറ്റവും മികച്ച ഏജൻസിയുമായാകും കരാർ ഒപ്പിടുക.

 ഒരു ദിവസം 3 ടൺ കോഴി വേസ്റ്റ്

നഗരത്തിൽ ലൈസൻസുള്ളതും ഇല്ലാത്തതുമായ ഏകദേശം 300 ഓളം ഇറച്ചിക്കടകളുണ്ട്. എല്ലായിടങ്ങളിലുമായി 3 ടണ്ണോളം കോഴി വേസ്റ്റ് പ്രതിദിനം ഉണ്ടാകുന്നുണ്ട്. ഒരു കിലോ കോഴി വേസ്റ്റ് 7 മുതൽ 10 രൂപയ്ക്ക് വരെയാണ് സ്വകാര്യ ഏജൻസികൾ ഇപ്പോൾ വാങ്ങുന്നത്.