കൊട്ടാരക്കര: പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഷ്റഫ് കടയ്ക്കൽ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അരുളും പൊരുളും എന്ന വിഷയത്തിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ) കൊട്ടാരക്കര മേഖലാ കമ്മിറ്റി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളിൽ 3 ഇടങ്ങളിലെ അഭയാർത്ഥികൾക്ക് മാത്രമാണ് ഈ നിയമ പരിരക്ഷ ലഭിക്കുക. ഇതിൽ നിന്ന് മുസ്ലീം സമുദായം മാത്രമായി ഒഴിവാക്കപ്പെട്ടു എന്നത് നിയമത്തിന്റെ
ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്.ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി എന്ന സങ്കൽപത്തിന്റെ കടക്കൽ കത്തിവെക്കലാണിതെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൻ. ചന്ദ്രമോഹനൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം എ. മന്മഥൻ നായർ. മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗം പുഷ്പാനന്ദൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ടി. സുനിൽ കുമാർ, നഗരസഭാ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, പി.ഡി.പി നേതാവ് സാബു കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു. ഇപ്റ്റ കൊട്ടാരക്കര മേഖലാ പ്രസിഡന്റ് സതീഷ് കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കിരൺ ബോധി സ്വാഗതവും സി.ജി. ശശികുമാർ നന്ദിയും പറഞ്ഞു.