cpi
കാവനാട് നിർമ്മിക്കുന്ന കെ. കൃഷ്ണപിള്ള ഭവന്റെ ശിലാസ്ഥാപനം നിർവഹിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ സംസാരിക്കുന്നു

കൊല്ലം: വിലക്കയറ്റം,തൊഴിലില്ലായ്മ, സ്ത്രീ- ദളിത് പീഡനം തുടങ്ങിയ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെതിരെ സൃഷ്ടിച്ച ജനവികാരം വഴിതിരിച്ചുവിടാനാണ് പൗരത്വ നിയമഭേദഗതി ബിൽ ഇപ്പോൾ കൊണ്ടുവന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ. കൃഷ്ണപിള്ളയുടെ സ്മാരകമായി സി.പി.ഐ ശക്തികുളങ്ങര നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി കാവനാട് നിർമ്മിക്കുന്ന കെ. കൃഷ്ണപിള്ള ഭവന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം.
കൊല്ലം മധു അദ്ധ്യക്ഷത വഹിച്ചു. ഡി. സുകേശൻ, ബി. മോഹൻദാസ്, എൻ.ചന്ദ്രശേഖരൻപിള്ള, എസ്.സുധീഷ്, ടി.ആർ. സന്തോഷ് കുമാർ, അനിൽ യുവസാഗര, രാജലക്ഷ്മി ചന്ദ്രൻ, പി.കെ.അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.