accident

കൊല്ലം: മദ്യലഹരിയിൽ കാർ ഓടിച്ച് അപകട പരമ്പര സൃഷ്ടിച്ച സംഭവത്തിൽ എ.ഡി.ജി.പിയുടെ ഡ്രൈവർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. എ.ഡി.ജി.പിയുടെ ഡ്രൈവർ ചവറ തോട്ടിന് വടക്ക് സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസ്.

ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ദേശീയപാതയിൽ ശങ്കരമംഗലത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാർ നല്ലേഴത്ത് മുക്ക്, കൊറ്റൻകുളങ്ങര, ചവറ, പരിമണം എന്നിവിടങ്ങളിൽ വച്ച് നാല് വാഹനങ്ങളിൽ ഇടിച്ചശേഷം അമിത വേഗത്തിൽ നിർത്താതെ പോയി. ചീലാന്തി ജംഗ്ഷന് സമീപംവച്ച് കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിക്കൂടിയവർ തടഞ്ഞുവച്ച് പൊലീസിനെ വരുത്തി കൈമാറി.

കാറിൽ രാജേഷ് കുമാർ അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. നീണ്ടകര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയിൽ രജേഷ് കുമാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് കേസ്. രാജേഷ് കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് സേനാംഗമായ രാജേഷ് കുമാറിനെതിരെ കമ്മിഷണർക്ക് റിപ്പോർട്ട് അയച്ചതായി കരുനാഗപ്പള്ളി എ.സി.പി പറഞ്ഞു.