കുന്നത്തൂർ: ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ചുതന്ന ശിവഗിരി തീർത്ഥാടനം ആത്മീയമായും ഭൗതികവുമായും സമുദായ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് ചേർത്തല വിശ്വകാജി മഠാധിപതി സ്വാമി അസ്പർശാനന്ദ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചരണം ആചരിക്കുന്നതിന്റെ ഭാഗമായി ഐത്തോട്ടുവ 177-ാം നമ്പർ ശാഖാങ്കണത്തിൽ നടന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്തുതല ശാഖകളുടെ സംയുക്ത യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി. സുബാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സുഭാഷ്, ചന്ദ്രബാബു,പ്രേം ഷാജി, അഖിൽ സിദ്ധാർത്ഥ്, ഐത്തോട്ടുവ ശാഖാ വൈസ് പ്രസിഡന്റ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഐത്തോട്ടുവ ശാഖാ സെക്രട്ടറിയും പഞ്ചായത്തുതല കമ്മിറ്റി വൈസ് ചെയർമാനുമായ എ. തമ്പി സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് നന്ദിയും പറഞ്ഞു.