road
കുരീപ്പുഴ ചിറ്റിലേഴത്ത്- മേലേ മങ്ങാട് റോഡ്

 നാട്ടുകാർക്ക് വിനയായി ചിറ്റിലേഴത്ത് - മേലേമങ്ങാട് റോഡിലെ ഇന്റർലോക്ക് ടൈലുകൾ

അഞ്ചാലുംമൂട്: കുരീപ്പുഴ ചിറ്റിലേഴത്ത് - മേലേമങ്ങാട് റോഡിൽ ഇന്റർലോക്ക് ടൈൽ പാകി വൃത്തിയാക്കിയിട്ട് ഒരു വർഷം പോലുമായിട്ടില്ല. പക്ഷേ ഇതുവഴി കാൽനടയായി പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. മാർച്ച് അവസാനവാരം പൂർത്തിയാക്കിയ റോഡിലെ ടൈലുകൾ അശാസ്ത്രീയ നിർമ്മാണം മൂലം രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഇളകാൻ തുടങ്ങി. ഇരുചക്ര വാഹന യാത്രക്കാർ ഇളകിയ ടൈലുകളിൽ കയറി നിയന്ത്രണം തെറ്റി മറിഞ്ഞ് വീഴുന്നത് ഇന്ന് നിത്യസംഭവമായിരിക്കുകയാണ്.

 പാഴായത് എട്ട് ലക്ഷം രൂപ

കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിനാണ് ഈ ദുർഗതി. തൃക്കടവൂർ സോണൽ പരിധിയിലെ കുരീപ്പുഴ ചിറ്റിലേഴത്ത്- മേലേ മങ്ങാട് റോഡിന്റെ 650 മീറ്റർ ഭാഗത്താണ് ഇന്റർ ലോക്ക് പാകിയത്. ടൈൽ പാകുന്ന സമയത്ത് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നാട്ടുകാരിൽ ചിലരെ കരാറുകാരുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

നിർമ്മാണം നടന്ന സമയത്ത് കോർപ്പറേഷൻ അധികൃതരുടെ മേൽനോട്ടമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. അന്ന് തന്നെ അധികൃതരെ വിവരമറിയിച്ചപ്പോൾ കരാറുകാർ മുൻപരിചയമുള്ളവരാണെന്ന മറുപടിയാണ് ലഭിച്ചത്. അന്ന് ചൂണ്ടിക്കാണിച്ച പോരായ്മകൾ ഇപ്പോൾ ഫലത്തിൽ നാട്ടുകാർക്ക് വിനയായിരിക്കുകയാണ്.

 എളുപ്പമാർഗം.. പക്ഷേ

ബൈപാസുമായി ചേർന്നുകിടക്കുന്ന ഭാഗമായിട്ടും പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിച്ച മട്ടാണ്. ബൈപാസിലെ ബസ് സ്റ്റോപ്പിൽ നിന്ന് പ്ലാവറക്കാവ്, കൊച്ചാലുംമൂട് ഭാഗത്തേക്കുള്ളവർക്ക് നടന്നെത്താൻ എളുപ്പമാർഗമാണ് ഈ റോഡ്. എന്നാൽ ടൈലുകൾ ഇളകി നിരപ്പില്ലാതെ കിടക്കുന്നതിനാൽ കാൽനട യാത്ര പോലും അസാധ്യമാണ്. നാട്ടുകാരിൽ ചിലരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്കും കോർപ്പറേഷൻ അധികൃതർക്കും പരാതി നൽകിയിട്ടും അനുകൂല മറുപടി ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.