photo
ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ കുണ്ടറ മേഖല മുസ്ലിം ജമാഅത്ത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലി

 കുണ്ടറ മേഖല മുസ്ലിം ജമാഅത്ത് സംയുക്ത സമിതിയുടെ ഭരണഘടനാ സംരക്ഷണ റാലി

കുണ്ടറ: രാജ്യത്തെ വംശീയമായി വിഭജിച്ച് തങ്ങളുടെ അധികാരം നിലനിറുത്തുവാനും കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കുവാനും ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ വംശഹത്യയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കുണ്ടറ മേഖല മുസ്ലിം ജമാഅത്ത് സംയുക്ത സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയും പൊതുസമ്മേളനവും കേരളപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്ത് മുസ്ലീം എന്നും ഹിന്ദു എന്നും പറഞ്ഞ് കലാപമുണ്ടാക്കി മുന്നേറാൻ നടത്തുന്ന ഹീനമായ ശ്രമത്തിന് ഈ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങൾ. ഇത് രാജ്യത്തെ മതേതര വിശ്വാസികളുടെയും ജനാധിപത്യ വിശ്വാസികളുടേയും കൂട്ടായ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.

കേരളപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ടി.എ. ത്വാഹാസഅദി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ എ.എ. വാഹിദ് സ്വാഗതം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.

വൈകിട്ട് 5 മണിയോടെ ആശുപത്രിമുക്ക് എൽ.എം.എസ് ആശുപത്രിക്ക് സമീപം കനാൽ മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. കുണ്ടറയിലെ ഇരുപതോളം ജമാഅത്തുകളിലെ ഇമാമുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി മുക്കടവഴി കേരളപുരത്ത് സമാപിച്ചു.

ടി.എ. ത്വാഹ സഅദി, എ.എ. വാഹിദ്, എ. അഹമ്മദ് കബീർ, എം.എസ്. റഹിം, എ.അബ്ദുൾ ലത്തീഫ്, സിയാദ് ചാലുവിള, ഷെറഫ് കുണ്ടറ തുടങ്ങിയവർ നേതൃത്വം നൽകി. കുണ്ടറ മേഖലയിലെ സിയാറത്തുംമൂട് മുതല്‍ മുട്ടയ്ക്കാവ് വരെയുള്ള 17 ജമാഅത്തുകളിലെ ഇമാമുമാരും ജമാഅത്ത് പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും റാലിക്കും സമ്മേളനത്തിനും നേതൃത്വം നൽകി.