കൊല്ലം: കൊല്ലത്തിന്റെ ആളും ആരവവും ഇനി ബീച്ചിലേക്ക്. ആഘോഷ രാവുകൾ സമ്മാനിച്ച് ബീച്ച് ഗെയിംസ് ഉത്സവമേളം തീർക്കുമ്പോൾ കാണികളുടെ സജീവ പങ്കാളിത്തത്തിലൂടെ കാർണിവലും വ്യാപാരോത്സവവും കൊല്ലത്തിന്റെ ആഘോഷമായി മാറുന്നു. ഇന്നലെ കോഴിക്കോട് സോൾ കിച്ചൻ അവതരിപ്പിച്ച മ്യൂസിക് ബാന്റ് ഷോ കാണികളുടെ മനസ്സ് നിറച്ചു. കൊല്ലം മാജിക് അസോസിയേഷൻ അവതരിപ്പിച്ച മാജിക് ഷോയും കാണികളുടെ കയ്യടി നേടി.
മത്സ്യത്തൊഴിലാളികളുടെ ടീമുകൾ അണിനിന്ന വിവിധ കായിക മത്സരങ്ങളും നടന്നു. കുടുംബശ്രീയുടെ ഫുഡ് കോർട്ട് രുചി വൈവിധ്യങ്ങളോടെ ശ്രദ്ധേയമായി. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള വ്യത്യസ്ത രുചികളും കൊല്ലത്തിന്റെ തനത് രുചികളും ആസ്വദിക്കാനും തിരക്കേറുകയാണ്. തോപ്പ് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ കരോൾ സംഘം ബീച്ച് ഗെയിംസിന് ആശംസകൾ അറിയിച്ച് വേദിയിലെത്തി കാണികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു. ജില്ലാ ഭരണകൂടം, കായിക യുവജനക്ഷേമ വകുപ്പ്, ഡി. ടി. പി. സി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് മേള ഒരുക്കിയിരിക്കുന്നത്.