കാവൽക്കാരായി വനിതാ പൊലീസും
വനിതാ വോളണ്ടിയർമാരും
കൊല്ലം: നിർഭയ ദിനമായ ഡിസംബർ 29ന് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് (ഡിസം. 24) മുതൽ ജനുവരി 31 വരെ പ്രത്യേക രാത്രികാല സുരക്ഷാ പരിപാടികൾ നടത്തും. രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നടപ്പിലാക്കുന്ന സുരക്ഷിത പദ്ധതിയുടെ ഭാഗമായി വനിതാ പോലീസുദ്യോഗസ്ഥരും സ്ത്രീ വോളണ്ടിയർമാരും അടങ്ങുന്ന സുരക്ഷാ ടീമുകളുടെ സമ്പൂർണ നിയന്ത്രണത്തിലാകും പട്ടണം.
സ്ത്രീകൾ മാത്രം അടങ്ങുന്ന സുരക്ഷാ ടീമുകൾക്ക് കരുത്തുപകർന്ന് പിങ്ക് പട്രോളും കൺട്രോൾ റൂം വാഹനങ്ങളും രംഗത്തിറങ്ങും. ആദ്യഘട്ടത്തിൽ ചിന്നക്കട, കെ.എസ്.ആർ.റ്റി.സി ജംഗ്ഷൻ, ആശ്രാമംചിന്നക്കട, ചിന്നക്കടചാമക്കട മാർക്കറ്റ് ഭാഗം,താമരക്കുളംബീച്ച്, കൊല്ലം ബീച്ചും പരിസര പ്രദേശങ്ങളും എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ച് പരിശോധന നടത്തും.
വനിതാ പൊലീസുദ്യോഗസ്ഥരും നിർഭയ വോളണ്ടിയർമാർ അടക്കമുളള സ്ത്രീ വോളണ്ടിയർമാർ അടങ്ങുന്ന വിവിധ ടീമുകൾ രാത്രി എട്ടു മുതൽ രണ്ടുവരെ നഗരത്തിൽ തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, വിവിധ ആഘോഷ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്തും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കണ്ടെത്തിയാൽ ഉടൻ പിടികൂടാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
ജനുവരി 31വരെ പരീക്ഷണാടിസ്ഥാനത്തിൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുടെ മാതൃകയിൽ കൊല്ലത്തും വനിതകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഒരുക്കുകയാണ് ലക്ഷ്യം. സിറ്റി പൊലിസ് കമ്മിഷണർ പി.കെ. മധുവിന്റെ മേൽനോട്ടത്തിലുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല എ.സി.പി. പ്രതീപ് കുമാറിനാണ്.
ബന്ധപ്പെടാനുള്ള നമ്പരുകൾ
പിങ്ക് കൺട്രോൾ റൂം 1515,
ക്രൈം സ്റ്റോപ്പർ 1090,
പോലീസ് കൺട്രോൾ റൂം 112,
സിറ്റി സ്പെഷ്യൽ ബ്രാഞ്ച് 04742742265,
എ.സി.പി, കൊല്ലം 9497990025,
കൊല്ലം ഈസ്റ്റ് 9497987030.