പുനലൂർ: സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ പുനലൂർ നഗരസഭാ പ്രദേശത്ത് ആട് വളർത്തൽ പദ്ധതിക്കു തുടക്കംക്കുറിച്ചു. നഗരസഭയിലെ 200 കുടുംബങ്ങൾക്കാണ് ആടുകളെ വിതരണം ചെയ്തത്. ഒരു തളളയാടും, രണ്ട് കുട്ടികളുമടങ്ങുന്ന ഒരു യൂണിറ്റാണ് ഓരോ കുടുംബങ്ങൾക്കും വിതരണം ചെയ്തത്. നഗരസഭയുടെ 6750 രൂപയും, ഗുണഭോക്തൃ വിഹിതമായി ഓരോ കുടുംബവും 6750രൂപ വീതവും അടച്ച ശേഷമായിരുന്നു ആടുകളെ വിതരണം ചെയ്തത്. അപേക്ഷ നൽകിയ എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി. നഗരസഭയുടെ തനത് വർഷത്തെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. നഗരസഭ ചെയർമാൻ കെ.രാജശേഖരൻ ആടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ വി. ഓമനക്കുട്ടൻ, സുനിത, ലളിതമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.