plastic

 പ്ലാസ്റ്റിക് മാലിന്യം സൗജന്യമായി സ്വകാര്യ കമ്പനിക്ക് നൽകുന്നു

കൊല്ലം: അജൈവ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള എം.ആർ.എഫുകൾ (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ) സജ്ജമാക്കുന്നതിൽ നഗരസഭ ഉഴപ്പുമ്പോൾ ഗുണമാകുന്നത് സ്വകാര്യ പ്ലാസ്റ്റിക് കമ്പനിക്ക്. നഗരത്തിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ വലിയൊരു ഭാഗം ഉമയനല്ലൂരിലെ സ്വകാര്യ കമ്പനിക്ക് നഗരസഭയുടെ വാഹനങ്ങളിൽ സൗജന്യമായി എത്തിച്ച് കൊടുക്കുകയാണ്.

 പദ്ധതി തയ്യാറാക്കിയത് ഒരു വർഷം മുമ്പ്

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് അഭിയാൻ പദ്ധതിയിൽ നിന്ന് നഗരത്തിൽ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ 8.84 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഡിവിഷൻ തലത്തിൽ അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളും മാലിന്യം വേർതിരിക്കാനും പൊടിക്കാനും സംവിധാനമുള്ള രണ്ട് എംആർ.എഫുകളും നിർമ്മിക്കാൻ ഒരു വർഷം മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. ഹരിതകർമ്മ സേനാംഗങ്ങൾ നഗരപരിധിയിലെ വീടുകൾ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം ഡിവിഷൻ തലത്തിൽ സംഭരിച്ച ശേഷം എം.ആർ.എഫുകളിലെത്തിക്കണം. ഇവിടെ പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം പൊടിച്ച് ടാർ ഉണ്ടാക്കാൻ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പുനരുപയോഗിക്കാൻ കഴിയാത്തവയും ക്ലീൻ കേരള കമ്പനി പണം നൽകി വാങ്ങും.

 സ്വകാര്യ കമ്പനിയെ സഹായിക്കാൻ ?

അഞ്ചാലുംമൂട്ടിൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രതിമാസം രണ്ട് ടൺ സംസ്കരിക്കാനുള്ള സംവിധാനമേയുള്ളു. എന്നാൽ, ഹരിതകർമ്മസേനാംഗങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏകദേശം രണ്ട് ടൺ മാലിന്യം ശേഖരിക്കുന്നുണ്ട്. ഇത്രയധികം മാലിന്യം ശേഖരിക്കാനും സംഭരിക്കാനുമുള്ള സംവിധാനമില്ലാത്തതിനാലാണ് കഴിഞ്ഞ ആറ് മാസമായി സ്വകാര്യ ഏജൻസിക്ക് സൗജന്യമായി നൽകുന്നത്. ഈ സ്വകാര്യ കമ്പനിയെ സഹായിക്കാനാണ് എം.ആർ.എഫുകളുടെ നിർമ്മാണം നഗരസഭാ അധികൃതർ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.

 നഷ്ടം ലക്ഷങ്ങൾ

ടാർ നിർമ്മാണത്തിന് ഉപയോഗിക്കാൻ പറ്റിയ ഒരു കിലോ പൊടിച്ച പ്ലാസ്റ്റിക്കിന് ക്ലീൻ കേരള കമ്പനി 18 രൂപ നൽകും. ടാർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യത്തിന് നിലവാരം അനുസരിച്ച് 5 മുതൽ 15 രൂപ വരെയും കിട്ടും. അഞ്ചാലുംമൂട്ടിൽ നിന്ന് പൊടിച്ച് നൽകിയ പ്ലാസ്റ്റിക്കിന് ക്ലീൻകേരള കമ്പനിയിൽ നിന്ന് നഗരസഭയ്ക്ക് ഇത്തരത്തിൽ പണം ലഭിച്ചിരുന്നു. സ്വകാര്യ ഏജൻസിക്ക് സൗജന്യമായി നൽകുമ്പോൾ നഗരസഭയ്ക്ക് പ്രതിമാസം ഒന്നരലക്ഷം രൂപയോളമാണ് നഷ്ടമാകുന്നത്. ഇതിന് പുറമേയാണ് നഗരസഭയുടെ വാഹനത്തിൽ മാലിന്യം എത്തിക്കുമ്പോഴുണ്ടാകുന്ന ഇന്ധന നഷ്ടം.

 ഹരിതകർമ്മസേന പൊളിയും

വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന ചെറിയ ഫീസിന് പുറമേ പ്ലാസ്റ്റിക്ക് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനം കൂടി ലഭിച്ചാലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് വേതനം നൽകാനാവു. പ്ലാസ്റ്റിക് സൗജന്യമായി നൽകുന്നത് തുടർന്നാൽ വേതനം കൃത്യമായി നൽകാനാവില്ല. ഇതോടെ സേനാംഗങ്ങൾ ജോലി ഉപേക്ഷിക്കുകയും അജൈവ മാലിന്യ ശേഖരണം അവതാളത്തിലാകുകയും ചെയ്യും.