george-a-39

ഓച്ചിറ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. എറണാകുളം ചെല്ലാനം മാലാഖപ്പടി വകത്തറയിൽ ജോർജ്ജ് അഗസ്റ്റ്യനാണ് (39) മരിച്ചത്. ജോർജ്ജിന്റെ ഭാര്യ സബിത കൈയ്യിൽ കുത്തേറ്റ് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസ് പറയുന്നത് ഇങ്ങനെ. മാസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ദമ്പതിമാർ. വിവാഹ മോചനത്തിന് കോടതിയെ സമീപിച്ച സബിത രണ്ട് മാസമായി സുഹൃത്തിനൊപ്പം ഓച്ചിറയിൽ താമസിക്കുകകായിരുന്നു. ഇന്നലെ രാവിലെ 7ന് ഇവിടെയെത്തിയ ജോർജ്ജും ഭാര്യയുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഇയാൾ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കവേയാണ് സബിതയുടെ കൈയ്ക്ക് കുത്തേറ്റത്.

പിടിച്ചുമാറ്റാൻ ശ്രമിച്ച വീട്ടുടമസ്ഥയുടെ മകൻ മിഥനും കൈയ്ക്ക് കുത്തേറ്റു. നാട്ടുകാർ സബിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് ജോർജ്ജ് കൈയ്യിൽ കരുതിയ വിഷം മധുര പാനീയത്തിൽ കലർത്തി കഴിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഓച്ചിറ പൊലീസ് കേസെടുത്തു. ഒലിവിൻ ജീസസ് ജോർജ്ജാണ് (4) ജോർജ്ജിന്റെ മകൻ.