കൊല്ലം: വിദേശത്തുള്ള ഭർത്താവ് വിളിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ഉറപ്പിച്ച യുവതിയേയും ഏഴ് വയസുള്ള മകളെയും ജീവിതത്തിലേക്ക് മടക്കിയെത്തിച്ച് പിങ്ക് പൊലീസ്. മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്തിന് സമീപം താമസിക്കുന്ന യുവതിക്കും മകൾക്കും മുന്നിലേക്കാണ് ക്രിസ്മസ് തലേന്ന് പിങ്ക് ദൈവദൂതരായെത്തിയത്. ഭർത്താവ് ഫോണിൽ വിളിക്കാത്തതിനാൽ യുവതി കഴിഞ്ഞ മൂന്ന് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല. മകൾക്കും ഒരു തുള്ളി വെള്ളം പോലും നൽകാതെ വീടടച്ച് കിടപ്പായിരുന്നു.
പുറത്ത് ആരെയും കാണാഞ്ഞതോടെ അയൽക്കാർ ആദ്യദിവസം തന്നെ പലതവണ മുട്ടിവിളിച്ചെങ്കിലും യുവതി വാതിൽ തുറക്കാൻ തയ്യാറായില്ല. ഇന്നലെ വീണ്ടും വിളിച്ചിട്ടും തുറക്കാഞ്ഞതോടെ പിങ്ക് പൊലീസിനെ വിവരം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സ്ഥലത്തെത്തിയ പിങ്ക് പൊലീസ് വാതിൽ തല്ലിപ്പൊളിക്കുമെന്ന് ഉറപ്പായതോടെ യുവതി കതക് തുറന്നു. അപ്പോഴേക്കും എഴുവയസുകാരി തളർന്ന് അവശയായി കിടപ്പായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഭക്ഷണം എത്തിച്ച് ഇരുവർക്കും നൽകി.
ഏറെ നേരം സംസാരിച്ച് ആത്മഹത്യ ചെയ്യാനുള്ള മാനസികനില മാറ്റിയ ശേഷം യുവതിയെ പള്ളിത്തോട്ടത്തുള്ള അച്ഛനെയും അമ്മയേയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു. സ്പോൺസർ വഴി ഭർത്താവിനെ ബന്ധപ്പെട്ട് എത്രയും വേഗം ഭാര്യയെ വിളിച്ച് ആശ്വസിപ്പിക്കാനും നിർദ്ദേശം നൽകി. പിങ്ക് പൊലീസ് എസ്.ഐ ഡി. സുമ, സി.പി.ഒമാരായ കെ. സിന്ധു, പി. സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയേയും മകളെയും ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്.