കൊല്ലം: 110 പേരുടെ മരണത്തിനിരയാക്കിയ പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥ് കമ്മിഷൻ, റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പരിഗണിക്കാതെ സർക്കാർ. റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോർട്ട് കഴിഞ്ഞ ജൂലായിലാണ് സമർപ്പിച്ചത്. ജസ്റ്റിസ് കെ.എസ്. ഗോപിനാഥ് കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും ക്രൈബ്രാഞ്ചിന്റെ തുടർനടപടിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായെങ്കിലും സർക്കാർ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
അന്നത്തെ ജില്ലാ കളക്ടർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥരും സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ പൊലീസും ഗുരുതര വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. ആദ്യം അനുമതി നിഷേധിച്ച വെടിക്കെട്ടിന് പിന്നീട് ചില ഉന്നതരുടെ ഇടപെടൽ മൂലം റവന്യു ഉദ്യോഗസ്ഥൻ അനുമതി നൽകിയെങ്കിലും ദുരന്തം ഉണ്ടാകാതിരിക്കാൻ മുൻകരുതലൊന്നും അധികൃതർ സ്വീകരിച്ചില്ല. 15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനായിരുന്നു അനുമതിയെങ്കിലും 3500 കിലോഗ്രാമിലേറെ ഉപയോഗിച്ചതായാണ് കണ്ടെത്തൽ.
സംഭവത്തിൽ പൊലീസ്, റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച അന്നു വൻ വിവാദമായെങ്കിലും ഇവരെ ഒഴിവാക്കി ക്ഷേത്രം ഭാരവാഹികളെയും കരാറുകാരെയും പ്രതിസ്ഥാനത്ത് നിർത്തിയ അന്വേഷണ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് നൽകിയത്. വിവാദമായേക്കുമെന്നതിനാൽ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നില്ല. ചുമതല ഉണ്ടായിട്ടും വെടിക്കെട്ട് സമയത്ത് റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. വെടിക്കെട്ട് തടയാൻ ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച എക്സ്‌പ്ലോസീവ് കൺട്രോളർ അടക്കമുള്ളവരുടെ റപ്പോർട്ടിലും പരാമർശിച്ചിരുന്നു.
2016 ഏപ്രിൽ 10 നാണ് 110 പേരുടെ മരണത്തിനും 500 ലേറെ പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. അന്ന് ഉമ്മൻചാണ്ടി സർക്കാർ അന്വേഷണത്തിനായി ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷനെ നിയമിച്ചെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ പ്രവർത്തനത്തിന് ഫണ്ടോ മറ്റു സൗകര്യങ്ങളോ നൽകിയില്ല. അതോടെ കമ്മിഷൻ അന്വേഷണം അവസാനിപ്പിച്ചു. തുടർന്നാണു ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷനെ നിയമിച്ചത്.
59 പ്രതികൾ, 7 പേർ മരിച്ചു
ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ 59 പ്രതികളിൽ 7 പേർ ഇതിനകം മരിച്ചു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിന് കരാറെടുത്തവർ, കരാറുകാരുടെ സ്ഥിരം തൊഴിലാളികൾ, ദിവസ വേതന തൊഴിലാളികൾ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.