kummnam
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബി.ജെ.പി സംഘടിപ്പിച്ച ശിൽപ്പശാല മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: അയൽരാജ്യങ്ങളിൽ നിന്ന് ഇവിടെ കുടിയേറി പാർത്തവർ അനുഭവിക്കുന്ന അവശതയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ മാനദണ്ഡമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിർത്തി രാജ്യങ്ങളിൽ മുസ്ലീങ്ങൾ മതപീഡനം അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് ആവരെ നിയമത്തിൽ നിന്നൊഴിവാക്കിയത്. രാജ്യത്തെ മുസ്ലീങ്ങൾക്ക് നിരവധി സഹായങ്ങളും ആനുകൂല്യങ്ങളുമാണ് സർക്കാർ നൽകുന്നത്. ഇത് മതവിവേചനമല്ലേ. ഇതിനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തയ്യാറാകുന്നില്ല.

രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന എല്ലാവർക്കും പൗരത്വം കൊടുക്കണമെന്ന നിലപാട് ശരിയല്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്തെ ശിഥിലമാക്കാനാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ശ്രമിക്കുന്നത്. കള്ളക്കഥകളും പച്ചനുണകളുമാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. മതപരമായ വേർതിരിവുണ്ടാക്കി വർഗ്ഗീയ സംഘർഷമാണ് ഇവർ ലക്ഷ്യമിടുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം സംശയത്തോടെ നോക്കുന്ന സാഹചര്യം രൂപപ്പെടുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് ഇതിന് ഉത്തരവാദികൾ.

ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന സെക്രട്ടറി എം.എസ്. ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.