ഓച്ചിറ: പൊട്ടിപ്പൊളിഞ്ഞ പലകയടിച്ച് അതിന് മുകളിൽ ഷീറ്റ് വിരിച്ച പൊളിഞ്ഞ് വീഴാറായ ഒരു കൂരയിലാണ് ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും കുടുംബവും താമസിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള അനുജത്തി, അപകടത്തിൽപ്പെട്ട് ശാരീരിക അദ്ധ്വാനമുള്ള ജോലിക്ക് പോകാൻ കഴിയാത്ത അച്ഛൻ, അമ്മ, പ്രായമായ മുത്തച്ഛൻ, മുത്തശ്ശി എന്നിങ്ങനെ ആറ് പേരാണ് ഈ കൂരയിൽ കഴിഞ്ഞു കൂടുന്നത്. സാങ്കേതികമായ കാരണങ്ങളാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയതിനാലാണ് അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം ഇവർക്ക് നിഷേധിക്കപ്പെട്ടത്. തങ്ങളുടെ കൂട്ടുകാരിക്ക് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ച് നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷീബ ടീച്ചർ ഏറ്റെടുക്കുകയായിരുന്നു. 'കൂട്ടുകാരിക്കൊരു വീട്' എന്ന പേരിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 500 സ്ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന ഒരു വീട് തങ്ങളുടെ കൂട്ടുകാരിക്ക് നിർമ്മിച്ചു നൽകാനാണ് ഇവർ ഉദ്ദേശിക്കുന്നത്. ഇതിന് ആറ് ലക്ഷം രൂപ ചെലവ് വരും. ത്രിതല പഞ്ചായത്ത് സമിതികൾ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, സമൂഹ്യ പ്രവർത്തകർ എന്നിവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് മേയ് മാസത്തിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വീടിന്റെ കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ നിർവഹിച്ചു. വീട് നിർമ്മാണത്തിന് മുൻകൈയെടുക്കുന്നത് പ്രോഗ്രാം ഓഫീസർ ഷീബയാണ്. ഇതിനായി ഷീബയുടെയും പി.ടി.എ പ്രസിഡന്റിന്റെയും പേരിൽ എസ്.ബി.എെയിൽ NSS PGM OFFICER AND PTA PRESIDENT, AcNo. 38977301484, IFSC SBIN0071120 എന്നപേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.