bustop
പാരിപ്പള്ളിയിൽ കൊല്ലം ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ റോഡ് വക്കിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ

കൊല്ലം: ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ പാരിപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. തിരുവനന്തപുരം, കൊല്ലം, പരവൂർ, മടത്തറ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ റോഡ് വക്കിലും കടത്തിണ്ണയിലുമാണ് മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കുന്നത്.

ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് പാരിപ്പള്ളി ജംഗ്ഷനിലെത്തുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും അവശരായ നൂറ് കണക്കിന് രോഗികളും പതിവായി ഇവിടേക്ക് എത്തുന്നുണ്ട്. പരവൂർ, കടയ്ക്കൽ, വർക്കല ഭാഗങ്ങളിൽ നിന്നുള്ളവരും പാരിപ്പള്ളിയിലെത്തിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഇവരെല്ലാം പൊരിവെയിലേറ്റും പെരുമഴ നനഞ്ഞുമാണ് ബസ് കാത്തുനിൽക്കുന്നത്.

കടകൾക്ക് മുന്നിൽ കൂട്ടമായി നിൽക്കുന്നത് കടയുടമകളും യാത്രക്കാരും തമ്മിൽ വാക്കേറ്റങ്ങൾക്കും ഇടയാക്കുന്നുണ്ട്. വീതികുറഞ്ഞ മടത്തറ, പരവൂർ റോഡുകളിൽ ബസ് ഷെൽട്ടർ ഇല്ലാത്തത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുകയാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് വിരലിലെണ്ണാവുന്നവർക്ക് മാത്രം ഇരിക്കാവുന്ന ബസ് ഷെൽട്ടറുണ്ട്. എന്നാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിർത്താറില്ല. വർക്കല ഭാഗത്തേക്കുള്ള ബസുകൾ മാത്രമാണ് ഇവിടെ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത്. നാല് ഭാഗത്തേക്കും ബസ് ഷെൽട്ടറുകൾ തയ്യാറാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കേട്ടലക്ഷണം പോലും കാണിക്കുന്നില്ല.

'' മഴ പെയ്യുമ്പോഴും വെയിൽ ശക്തി പ്രാപിക്കുമ്പോഴും പാരിപ്പള്ളി ജംഗ്ഷനിലെത്തുന്ന യാത്രക്കാർക്ക് കടത്തിണ്ണകൾ മാത്രമാണ് ആശ്രയം. മടത്തറ റോഡിലടക്കം ഗതാഗതക്കുരുക്കുണ്ടാകാത്ത തരത്തിൽ ജംഗ്ഷനിൽ നിന്ന് അല്പം മാറ്റി എത്രയും വേഗം ബസ് ഷെൽട്ടറുകൾ നിർമ്മിക്കണം."

വി. രാധാകൃഷ്ണൻ (പ്രൊഫഷണൽ ഫാർമസിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ്)