പുനലൂർ: പുനലൂർ കുമാർപാലസും, കനിവ് -2019 ചാരിറ്റി ട്രസ്റ്റും സംയുക്തമായി പുതുവർഷത്തെ വരവേൽക്കാൻ വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. 31ന് രാത്രി 7ന് വിസ്മയ കാഴ്ച്ചയോരുക്കുന്ന വിവിധ തരം മെഗാ ഇവന്റും ജീവകാരുണ്യപ്രവർത്തനവും അനുമോദനവും നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എൻ. സതീഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാനമേള, ബെല്ലി ഡാൻസ്, കോമഡി, സിനിമാസ്റ്റിക് ഡാൻസ്, വൺമാൻ ഷോ തുടങ്ങിയ കലാ പരിപാടികളാണ് പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കനിവ്-2019ൽ ഉൾപ്പെടുത്തി നിർദ്ധന കുടുംബത്തിലെ രോഗികളായ അഞ്ച് പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ മെഡിസിൽ നൽകും. ഇത് കൂടാതെ കേരള യൂണിവേഴ്സിറ്റി എം.എ. പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുമാർപാലസ് ഗ്രൂപ്പിലെ ജീവനക്കാരനും, ഐക്കരക്കോണം സ്വദേശിയുമായ കെ. വിജയന്റെ മകൾ വീണ വിജയനെ ചടങ്ങിൽ അനുമോദിക്കും. ദൈവ ദശക ആലാപനത്തിൽ നിരവധി തവണ ജില്ലാ, സംസ്ഥാന പുരസ്ക്കാരങ്ങളും വീണാ വിജയൻ നേടിയിട്ടുണ്ട്. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യാതിഥിയാകും. പരിപാടികൾക്ക് പ്രവേശനം പാസ് മൂലമാണെന്ന് അറിയിച്ചു. സി.ഇ.ഒ അരുൺ എസ്.ആർ., ജനറൽ മാനേജർ കൃഷ്ണ സ്വാമി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.