sivagiri

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാറും സെക്രട്ടറി കെ. വിജയകുമാറും അറിയിച്ചു.

29ന് വൈകിട്ട് വൈക്കം, തൊടുപുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചങ്ങനാശ്ശേരി, ഗുഹാനന്ദപുരം, എറിക്കാട്, വാകത്താനം, കുമരകം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന പദയാത്രികർക്ക് ചാത്തന്നൂരിൽ വരവേൽപ്പ് നൽകും. ചാത്തന്നൂർ ശ്രീനാരായണ കോളേജ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും വസതികളിലും ശാഖകളിലും തീർത്ഥാകർക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പാരിപ്പള്ളിയിൽ ചാത്തന്നൂർ യൂണിയന്റെയും പാരിപ്പള്ളിയിലെ വിവിധ ശാഖകളുടെയും പദയാത്രാ സമിതിയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഭക്ഷണവും താമസ സൗകര്യവും വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പള്ളം, അടൂർ, ഇലവുംതിട്ട തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പദയാത്രകൾ ആണ് ഇവിടെ തങ്ങുന്നത്.

പള്ളത്ത് നിന്ന് വരുന്ന പദയാത്രയ്ക്ക് രാവിലെ 11ന് യൂണിയന്റെയും വേളമാനൂർ ശാഖയുടെയും ആഭിമുഖ്യത്തിൽ വേളമാനൂരിൽ സ്വീകരണം നൽകും. ഉച്ചഭക്ഷണത്തിന് ശേഷം പാരിപ്പള്ളിയിൽ എത്തുന്ന പദയാത്ര സ്വീകരണത്തിന് ശേഷം പാരിപ്പള്ളിയിൽ വിശ്രമിക്കും. അടൂർ യൂണിയന്റെ പദയാത്രയെ നടയ്ക്കൽ ശാഖാ ഭാരവാഹികൾ കല്ലുവാതുക്കൽ ആലുവിള ഭദ്രകാളി ക്ഷേത്രത്തിൽ സ്വീകരിക്കും.

ചാത്തന്നൂർ തിരുമുക്ക് പരവൂർ വഴി പോകുന്ന പദയാത്രകൾക്ക് മീനാട്, നെടുങ്ങോലം, ഒഴുകുപാറ, പുക്കുളം, ഒല്ലാൽ എന്നിവിടങ്ങളിലും പരവൂരിലെ വിവിധ ശാഖകളിലുമായി സ്വീകരണം നൽകും.

 ചാത്തന്നൂരിലെ പദയാത്രകൾ

നെടുങ്ങോലം, പുത്തൻകുളം, ഊന്നിൻമൂട് എന്നീ ശാഖകളിൽ നിന്ന് പുറപ്പെടുന്ന പദയാത്രകളും 30ന് രാവിലെ പാരിപ്പള്ളിയിൽ നടക്കുന്ന തീർത്ഥാടന സമ്മേളനവും യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എസ്. പ്രശോഭൻ അദ്ധ്യഷത വഹിക്കും. ബി. പ്രേമാനന്ദൻ തീർത്ഥാടന സന്ദേശം നൽകും.