കൊല്ലം: സൗരകണ്ണടകൾ ഉപയോഗിച്ചും പ്രത്യേകം തയ്യാറാക്കിയ സ്ക്രീനിലൂടെയും കൊല്ലം ബീച്ചിൽ ആയിരങ്ങൾ അത്യപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസമായ വലയ സൂര്യഗ്രഹണത്തിന് സാക്ഷികളായി. ബീച്ച് ഗെയിംസിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സ്‌പോർട്‌സ് കൗൺസിൽ, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവ സംയുക്തമായാണ് സ്ക്രീനിൽ പ്രദർശനം ഒരുക്കിയത്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക വിഭാഗവും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി പയ്യന്നൂരിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് തത്സമയം കൊല്ലം ബീച്ചിൽ പ്രദർശിപ്പിച്ചത്. പലരും കുടുംബ സമേതമാണ് അത്യപൂർവ്വ പ്രതിഭാസം കാണാനെത്തിയത്.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അന്ധ വിശ്വാസങ്ങളെ മറികടന്ന് വമ്പിച്ച ശാസ്ത്ര മുന്നേറ്റത്തിനുള്ള അവസരമായി ഗ്രഹണ നിരീക്ഷണം മാറണമെന്ന് കളക്ടർ പറഞ്ഞു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി പ്രതിനിധി മാനവ് ജ്യോതി അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി ജില്ലാ പ്രസിഡന്റ് എൻ. ടെന്നിസൺ സൂര്യഗ്രഹണത്തിന്റെ ശാസ്ത്ര തത്വങ്ങൾ വിശദീകരിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, പി സോമനാഥൻ, ബിനു ബേബി, ആർ. അപർണ എന്നിവർ സംസാരിച്ചു.