കൊട്ടിയം: ശ്യാം ചികിത്സാ സഹായസമിതിയുടെ പ്രവർത്തനം ഏവർക്കും മാതൃകയാണെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. ഇരുവൃക്കകളും പാൻക്രിയാസും തകരാറിലായ തഴുത്തല സൂര്യ വിലാസത്തിൽ ശ്യാമിന്റെ അവയവമാറ്റ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച ശ്യാം ചികിത്സാ സഹായ സമിതിയുടെ നന്ദിപ്രകാശനം സമ്മേളനവും കണക്ക് അവതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഹനാപകടത്തിൽ മരണമടഞ്ഞ സ്വപ്നയുടെ അവയവങ്ങൾ ശ്യാമിന് നൽകാൻ തീരുമാനമെടുത്ത സ്വപ്നയുടെ ഭർത്താവ് രാജേഷിനെയും മാതാവിനെയും എത്ര അഭിനന്ദിച്ചാലും അധികമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച മൂന്ന് ലക്ഷം രൂപ ഉൾപ്പെടെ 23,72,331രൂപയാണ് സമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. മിച്ചം വന്നതിൽ നിന്ന് ഒരു ലക്ഷം രൂപ സ്വപ്നയുടെ മക്കളുടെ പേരിൽ സ്ഥിര നിക്ഷേപം ചെയ്യും. ബാക്കിയുള്ള ഒരു ലക്ഷം രൂപ ശ്യാമിന്റെ തുടർചികിത്സയ്ക്കായി നൽകി.
സമ്മേളനത്തിൽ സമിതി ചെയർമാൻ പുത്തൂർ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫത്തഹുദ്ദീൻ, പൊലീസ് ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാൻ, കൊട്ടിയം എൻ. അജിത് കുമാർ, ഡോ. അമൃതരാജ്, രാജേഷ്, സന്തോഷ് കുമാർ, സജികുമാർ എന്നിവർ സംസാരിച്ചു. സ്വപ്നയുടെ ഭർത്താവ് രാജേഷും കുട്ടികളും മാതാവും മറ്റ് ബന്ധുക്കളും പങ്കെടുത്തു.