beach
ബീച്ച് ഗെയിംസിന്റെ ഭാഗമായി കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും അവതരിപ്പിച്ച നാടകം

കൊല്ലം: ജില്ലാ സ്‌പോർട്സ് കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ബീച്ച് ഗെയിംസിന്റെ ആഘോഷരാവിന് പകിട്ടേകി നൃത്തശില്പം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് നൃത്തസന്ധ്യ സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന വിളക്കുടി ശ്രീപാദം സ്‌കൂൾ ഒഫ് ഡാൻസ് ആണ് പരിപാടി അവതരിപ്പിച്ചത്. കുടുംബശ്രീ പ്രവർത്തക അമ്പിളിമോളും നൃത്ത വിദ്യാർത്ഥികളും അവതരിപ്പിച്ച നൃത്തം കാണികളിലും ആവേശമുണർത്തി.

നൃത്തശില്പത്തിന് ശേഷം പിന്നണി ഗായകൻ മത്തായി സുനിലും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും ഉണ്ടായിരുന്നു. കുടുംബശ്രീ പ്രവർത്തകരായ കലാകാരികളെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഇത്തരം വേദികൾ അവസരമൊരുക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേ​റ്റർ എ.ജി. സന്തോഷ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ പരിപാടികൾക്ക് ശേഷം കൊല്ലം നഗരസഭാ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് അവതരിപ്പിച്ച കു​റ്റവും ശിക്ഷയും എന്ന നാടകം വേദിയെ അവിസ്മരണീയമാക്കി.
ഭൂമിയിൽ ചെയ്യുന്ന പാപങ്ങൾക്ക് മരണശേഷവും ശിക്ഷ ലഭിക്കുമെന്ന സന്ദേശത്തോടെ 1965 ൽ പി.ജെ ആന്റണി രചിച്ച നാടകമാണ് കു​റ്റവും ശിക്ഷയും. സമകാലിക സംഭവങ്ങളെ കോർത്തിണക്കി നഗരസഭാ ഭരണ സമിതിയും ജീവനക്കാരും നാടകം വേദിയിൽ എത്തിച്ചപ്പോൾ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പി.ജെ. ഉണ്ണികൃഷ്ണനാണ് നാടകം സംവിധാനം ചെയ്തത്.