photo
സുനാമി സ്മൃതി മണ്ഡപത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പുഷ്പചക്രം അർപ്പിക്കുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ സമീപം

കരുനാഗപ്പള്ളി : സമുദ്ര തീരത്തോട് ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി 1398 കോടി രൂപ പ്രത്യേകമായി അനുവദിച്ചെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സുനാമി ദുരന്ത വാർഷികത്തോടനുബന്ധിച്ചു സുനാമി സ്മൃതി മണ്ഡപത്തിന് സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓഖിദുരന്തത്തെ തുടർന്ന് ലഭ്യമാകുന്ന മൂന്ന് മറൈൻ ആംബുലൻസുകൾ ജനുവരിയോടെ കടലിൽ പൂർണ സമയം പട്രോളിംഗ് നടത്തും. ആലപ്പാട്ടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ റീബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാരം ഉണ്ടാക്കും. അഴീക്കൽ തുറമുഖത്ത് വാർഫ് നിർമ്മാണത്തിനായി 22 കോടിയുടെ പദ്ധതി നടപ്പാക്കും. അശാസ്ത്രീയ കരിമണൽ ഖനനമായ സീ വാഷിംഗ് പൂർണമായും അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സുനാമി സ്മൃതി മണ്ഡപത്തിൽ മന്ത്രിയും മറ്റ് പ്രമുഖ വ്യക്തികളും ഉൾപ്പടെ നിരവധി പേർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് എ. മജീദ്, തഹസിൽദാർ എൻ. സാജിദാ ബീഗം, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ് , ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ധീവരസഭാ ജില്ലാ കമ്മിറ്റി , സ്കൂൾ വിദ്യാർത്ഥികൾ, വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18000 ത്തോളം കുടുംബങ്ങൾ

ഫിഷറീസ് വകുപ്പ് നടത്തിയ സർവേയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18000 ത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ എണ്ണായിരത്തോളം പേർ മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് എല്ലാവരേയും 50 മീറ്ററിനുള്ളിൽ നിന്നു മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആരേയും നിർബന്ധപൂർവ്വം മാറ്റുകയില്ല.