photo
പാരിപ്പള്ളി മാർക്കറ്റിലെ മാലിന്യനിക്ഷേപം

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ പാരിപ്പള്ളിയിൽ മാലിന്യം നിറഞ്ഞ് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ദേശീയപാതയോരത്ത് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിലും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന റോഡിലും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാരിപ്പള്ളി മാർക്കറ്റിലും മടത്തറ പാതയോരത്തുമാണ് മാലിന്യം കുന്നുകൂടുന്നത്. പാരിപ്പള്ളി മാർക്കറ്റ് വൃത്തിയാക്കാൻ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശുചീകരണം കടലാസിൽ മാത്രം ഒതുങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്. ദേശീയപാതയോരത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിനടുത്തുള്ള പൊതു കിണറിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇവിടത്തെ മാലിന്യനിക്ഷേപം ഉയർത്തുന്ന ആരോഗ്യപ്രശ്നനങ്ങൾ ചില്ലറയല്ല.

മാലിന്യ സംസ്കരണ പ്ലാന്റ്

മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രം ഉപയോഗ ശൂന്യമായിട്ട് നാളുകളേറെയായി. മാർക്കറ്റിലെ ജൈവമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റ് കേടായി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയത് സ്ഥാപിക്കാൻ ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളിലെ മാലിന്യം സംസ്കരിക്കാൻ ലക്ഷങ്ങൾ പൊടിച്ച് വാങ്ങിയ ജൈവമാലിന്യ സംസ്കരണ പ്ലാന്റും പ്രവർത്തിപ്പിക്കാൻ ആളില്ലാത്തതിനാൽ അനാഥമായിക്കിടക്കുകയാണ്. ഇതേ അവസ്ഥയിൽ തന്നെയാണ് പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നാല് മാസം മുൻപ് സ്ഥാപിച്ച പ്ലാന്റും.

അശാസ്ത്രീയ മാലിന്യ സംസ്കരണം

പാരിപ്പള്ളി മാർക്കറ്റിൽ നിന്നും പാതയോരങ്ങളിൽ നിന്നും കരാറടിസ്ഥാനത്തിൽ നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആളൊഴിഞ്ഞ പുരയിടത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടുന്ന അശാസ്ത്രീയമായ പഴഞ്ചൻ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് അറുതി വരുത്തി മാലിന്യം വളമാക്കി മാറ്റാനുള്ള ആധുനിക സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.